തൃശൂർ: സ്റ്റോക്കുണ്ടായിട്ടും സപ്ലൈകോ ശാലകളിൽ സാധനങ്ങൾ വിൽപന നടത്തരുതെന്ന് കർശന നിർദേശം. ഓണക്കിറ്റ് ഒരുക്കുന്നതിനാൽ, നിലവിൽ സ്റ്റോക്കുള്ള സബ്സിഡി സാധനങ്ങളായ പഞ്ചസാര, ചെറുപയർ, പരിപ്പ് എന്നിവയടക്കം വിൽക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. അംഗൻവാടികൾക്കും സ്കൂളുകൾക്കുമടക്കം നൽകുന്ന വിഹിതംപോലും ഓണക്കിറ്റിന്‍റെ പേരിൽ നൽകേണ്ടതില്ലെന്നാണത്രെ നിർദേശം. നിത്യോപയോഗ സാധനങ്ങളായ സബ്സിഡി സാധനങ്ങൾ വിൽപനക്ക് റാക്കുകളിൽ പ്രദർശിപ്പിക്കേണ്ടതില്ല. ഇങ്ങനെ പ്രദർശിപ്പിച്ചവ എടുത്തുമാറ്റണം. സാധാരണ വിൽപനക്ക് വെച്ചിരിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി 13 വസ്തുക്കളുള്ള കിറ്റ് ഒരുക്കാനാണ് അറിയിപ്പ്. കിറ്റ് വിഭവങ്ങൾ എത്തുന്നതോടെ കിറ്റിലേക്ക് എടുത്തവ തിരിച്ചുനൽകാമെന്ന ഉറപ്പും ഉന്നത ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. എന്നാൽ, അവശ്യസാധനമായ പഞ്ചസാരയടക്കം പിടിച്ചുവെക്കുന്നത് ജനദ്രോഹമാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, ആഘോഷവേളയിൽ പൊതുവിപണിയിൽ സാധനങ്ങൾ കിട്ടാനില്ലാത്തത് സ്വകാര്യമേഖല ഉപയോഗപ്പെടുത്തുകയും ചെയ്യും.
ഓണക്കിറ്റിനായുള്ള സാധനങ്ങൾ ഓർഡർ ചെയ്തെങ്കിലും ഇതുവരെ കിട്ടാത്തതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. അതിനാലാണ് പൊതുവിതരണ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഓർഡർ ചെയ്ത സാധനങ്ങൾ എത്താത്തതിനാൽ തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന കിറ്റ് വിതരണം ഈമാസം 17ലേക്ക് മാറ്റിയിരിക്കുകയാണ്. ഈമാസം ഒന്നിന് ഉത്തരവ് പുറത്തിറക്കിയതിനു പിന്നാലെ സാധനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും എത്താൻ ഇനിയും സമയം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.