കോട്ടയം: സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് കൂട്ടിയും കിഴിച്ചും മുന്നോട്ട് പോകുന്നതിനിടെ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും ലക്ഷ്യമിട്ടാണ് നീക്കം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലുൾപ്പെടെ ആ നീക്കം പ്രകടമായി. എന്നാൽ, ഔദ്യോഗികപക്ഷം ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ്.
ഔദ്യോഗികപക്ഷത്തല്ലാത്ത ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന ആരോപണങ്ങളെയും എതിരാളികളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തെ നേതാക്കൾ സ്വീകരിച്ചതെന്ന ആക്ഷേപവും എതിർവിഭാഗം ഉന്നയിക്കുന്നു.
സ്ഥാനാർഥികളെ വ്യക്തിഹത്യ നടത്തിയവരെയും ശോഭ സുരേന്ദ്രനെ അപമാനിച്ചവരെയും പ്രോത്സാഹിപ്പിച്ചു. തെരെഞ്ഞെടുപ്പ് സമയത്തുപോലും ഗ്രൂപ്പിന്‍റെ അടിസ്ഥാനത്തിൽ ഔദ്യോഗിക നേതൃത്വം പെരുമാറിയതിൽ കടുത്ത അതൃപ്തിയിലാണ് ഒരുവിഭാഗം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലുടൻ കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടിലാണ് ഇക്കൂട്ടർ. കെ. സുരേന്ദ്രനും വി. മുരളീധരനും ഔദ്യോഗികപക്ഷത്തല്ലാത്ത സ്ഥാനാർഥികളുടെ വിജയസാധ്യതയെ ബാധിക്കുന്ന തരത്തിൽ നീക്കം നടത്തിയെന്നും അവർ ആരോപിക്കുന്നു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ഇടപെട്ടില്ലെന്ന പരാതിയും അവർക്കുണ്ട്.
നാല് മണ്ഡലങ്ങളിൽ വിജയിക്കുമെന്നും രണ്ടിടങ്ങളിൽ രണ്ടാംസ്ഥാനത്ത് എത്തുമെന്ന അവലോകനമാണ് യോഗം നടത്തിയത്. എന്നാൽ, ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തോൽപിക്കാൻ ഔദ്യോഗിക വിഭാഗം ശ്രമിച്ചെന്ന ആക്ഷേപമുയർന്നതായാണ് വിവരം.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമം നടന്നെന്ന വാർത്ത പരിശോധിക്കണമെന്ന് ഒരു ജില്ല പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തൽ പിണറായി, ഇടത് ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് അനുകൂലമാക്കാൻ കാരണമായെന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന ഭാരവാഹിയും യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, ദല്ലാൾ നന്ദകുമാർ ശോഭ സുരേന്ദ്രന്‍റെ സ്ത്രീത്വത്തെ അപമാനിച്ചിട്ടുപോലും പാർട്ടി പ്രതികരിക്കാത്തത് സ്ത്രീ വോട്ടർമാരിലും പ്രവർത്തകരിലും ഔദ്യോഗിക നേതൃത്വത്തിനെതിരെ അവമതിപ്പുണ്ടാക്കിയെന്ന വിമർശനവും ഉയർന്നു. ബി.ജെ.പിയിൽ ചേരാനെത്തുന്ന മറ്റ് പാർട്ടി നേതാക്കൾ ഔദ്യോഗിക നേതൃത്വത്തെ സമീപിക്കാത്തത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് എറണാകുളത്തുനിന്നുള്ള ഒരു നേതാവും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.