കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്നാരോപിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ക്രൈംബ്രാഞ്ച് കേസെടുത്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ 2020 ആഗസ്റ്റ് 12നും 13നും സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്നാണ് ക്രൈംബ്രാഞ്ചിെൻറ ആരോപണം. ഉദ്യോഗസ്ഥരുടെ പേരെടുത്തു പറയാതെ 'ഇ.ഡി ഉദ്യോഗസ്ഥർ' എന്നുമാത്രം ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ഗൂഢാലോചന, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക, വ്യാജരേഖ ഉണ്ടാക്കുക, കളവായ തെളിവുകളുണ്ടാക്കുക, കളവായ മൊഴി നൽകാൻ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ നൽകിയത്. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലും നിയമോപദേശം പരിശോധിച്ചുമാണ് കേസെടുത്തത്.
സ്വപ്നയെ സമ്മർദത്തിലാക്കി ഇ.ഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത് തങ്ങൾ കണ്ടുവെന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. സമ്മർദം ചെലുത്തിയതിനെ തുടർന്ന്, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകണമെന്ന് പറഞ്ഞ് സ്വപ്ന സ്വന്തം കൈപ്പടയിൽ കോടതിക്ക് കത്തും നൽകിയിരുന്നു. സമാന ആരോപണവുമായി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തും കോടതിക്ക് കത്തയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.