പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്ത പൂജാരി രേവത്

ഹിന്ദിക്കാരുടെ കുട്ടിയല്ലേ; കർമം ചെയ്യാൻ വയ്യ -ആലുവ പെൺകുട്ടിയുടെ അന്ത്യകർമം ചെയ്യാൻ വിസമ്മതിച്ച് പൂജാരിമാർ; സ്വയം സന്നദ്ധനായി രേവത്

ആലുവ: ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചതായി റിപ്പോർട്ട്. പല പൂജാരികളും കർമം ചെയ്യാൻ വിസമ്മതിച്ചപ്പോൾ അതിന് തയാറായത് ചായക്കുടി സ്വദേശിയായ രേവത് ആണ്.

''ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും തയാറായില്ല. അവരൊന്നും മനുഷ്യരല്ല. അവരൊക്കെ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യനല്ലേ​? അ​പ്പോൾ വിചാരിച്ചു, നമ്മുടെ മോൾക്ക് ഞാൻ തന്നെ കർമം ചെയ്യാമെന്ന്. ഇതിനു മുമ്പ് ഒരു മരണത്തിന് മാത്രമേ കർമം ചെയ്തിട്ടുള്ളു.''-രേവത് പറഞ്ഞു. ഈ വാക്കുകൾക്കു പിന്നാലെ അൻവർ സാദത്ത് എം.എൽ.എ രേവതിനെ ആലിംഗനം ചെയ്തു.

കണ്ണീരോടെയാണ് കേരളം അഞ്ചുവയസുകാരിക്ക് വിട നൽകിയത്. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. രണ്ട് മാസം മുൻപ് അധ്യാപികയുടെ കൈപിടിച്ച് നടന്നു കയറിയ ക്ലാസ് മുറിയിൽ തന്നെയായിരുന്നു പൊതുദർശനം. കരഞ്ഞു തളർന്ന അമ്മയ്ക്ക് മുന്നിൽ ചലനമറ്റ മകളെ എത്തിച്ചപ്പോൾ വാക്കുകൾക്കതീതമായ വൈകാരിക നിമിഷകൾക്കാണ് സ്കൂൾ അങ്കണം സാക്ഷിയായത്.

കീഴ്മാട് പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. കേസിൽ പ്രതിയായ അസ്ഫാഖ് ആലം 14 ദിവസം റിമാൻഡിലാണ്. അസ്ഫാഖിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ ​അപേക്ഷ നൽകും. ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കാൻ കേസ് അന്വേഷിക്കുന്ന സംഘം പ്രതിയുടെ നാടായ ബിഹാറിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.

ശനിയാഴ്ചയാണ് ബിഹാർ സ്വദേശികളുടെ മകളായ അഞ്ചുവയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ കുന്നുകൂടിയ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. 

Tags:    
News Summary - Priests refuse to perform last rites of Aluva student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.