തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്മെന്‍റുകളുടെ മുന്നറിയിപ്പ്. അടിയന്തര ആവശ്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. നഴ്സുമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് സംഘടനയുടേതാണ് തീരുമാനം.
പുതിയ രോഗികളെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കില്ല, ശസ്ത്രക്രിയ അടക്കമുള്ള സേവനങ്ങൾ നിർത്തിവെക്കും, അടിയന്തര ഘട്ടത്തിൽ മാത്രം ഒ.പിയിൽ എത്തുന്ന രോഗികളെ പരിശോധിക്കും എന്നിവയാണ് മാനേജ്മെന്‍റുകളുടെ തീരുമാനം. സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ മറുതന്ത്രം എന്ന നിലയിലാണ് സ്വകാര്യ ആശുപത്രി മാനേജുമെന്‍റുകളുടെ പുതിയ നീക്കത്തിന് പിന്നിൽ.
അതേസമയം, നഴ്സുമാർക്ക് അടിസ്ഥാന വേതനം നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾ അടച്ചിടുന്നതാണ് നല്ലതെന്ന് നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുടെ ഭീഷണിക്ക് സർക്കാർ വഴങ്ങരുത്. അടച്ചിടുന്ന ആശുപത്രികൾ സർക്കാർ പിടിച്ചെടുക്കണം. സർക്കാറിനു വേണ്ടി സൗജന്യ സേവനം ചെയ്യാൻ നഴ്സുമാർ തയാറാണ്.
17,200 രൂപ എന്ന അടിസ്ഥാന വേതനം അംഗീകരിക്കില്ല. അടിസ്ഥാന വേതനം 20,000 രൂപയാക്കി നിശ്ചയിച്ചത് സുപ്രീംകോടതിയാണ്. കോടതിയുടെ നിർദേശം നടപ്പാക്കുകയാണ് വേണ്ടതെന്നും നഴ്സുമാരുടെ സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.