തിരുവനന്തപുരം: പല സ്വാശ്രയ സ്ഥാപനങ്ങളും വിദ്യാർഥികൾക്കുമേൽ അമിത സമ്മർദം അടിച്ചേൽപിക്കുന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. അമൽ ജ്യോതി കോളജിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
കോളജിൽ കുട്ടിയുടെ മൊബൈൽ പിടിച്ചെടുത്ത സംഭവം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ട ചുമതലയാണ് അധ്യാപനം. കുട്ടികൾ സമരവുമായി മുന്നോട്ടുപോകും. അവർക്കിടയിലെ കുട്ടിയാണ് ദാരുണാന്ത്യത്തിലേക്ക് പോയത്.
ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി ആവശ്യമാണ്. അധ്യാപകരും ഹോസ്റ്റൽ ചുമതലയുള്ളവരും പക്വമായി കുട്ടികളെ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ട്. ഒരു കുട്ടിക്കെതിരെയും നടപടി പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്. കാലാനുസൃതമായ തുറസ്സായ സമീപനം പല സ്ഥാപനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നില്ല. അത്തരം സാഹചര്യങ്ങൾക്ക് പരിഹാരം കാണാനാണ് സർവകലാശാല നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകൾ. സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കോളജുകളിലും സർവകലാശാലതലത്തിലും പരാതിപരിഹാര സെൽ ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ നിയമവും ഒപ്പുവെക്കാതെ ഗവർണറുടെ മുന്നിലാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ അവകാശ പ്രഖ്യാപനരേഖ തയാറാക്കി വരികയാണെന്നും ഇതു വൈകാതെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.