തിരുവനന്തപുരം: പുതിയ റൂട്ടുകൾ കണ്ടെത്താനും കൂടുതൽ ദീർഘദൂര ബസുകൾ ഓടിക്കാനുമുള്ള കെ.എസ്.ആർ.ടി.സിയുടെ മടി മുതലാക്കി സ്വകാര്യ ദീർഘദൂര സർവിസുകൾ നിരത്ത് കൈയടക്കുന്നു. ജില്ല കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും ഇതരസംസ്ഥാനങ്ങളിലേക്കുമാണ് സർവിസുകൾ ഏറെയും. യാത്രക്കാരെ സംഘമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് കോൺട്രാക്റ്റ് കാര്യേജുകൾക്ക് അനുമതിയുള്ളതെന്നിരിക്കെ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചാണ് ഓട്ടം. ഇതുമൂലം കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. അതേസമയം പ്രതിസന്ധി കണക്കിലെടുത്ത് സർവിസ് കാര്യക്ഷമമാക്കാൻ കെ.എസ്.ആർ.ടി.സി ഇനിയും തയാറായിട്ടില്ല.
ഓൺലൈനായും ഏജൻസികൾ വഴിയുമാണ് സ്വകാര്യബസുകളുടെ ടിക്കറ്റ് വിൽപന. മാത്രമല്ല, റൂട്ട് ബസുകളെപ്പോലെ വഴിക്ക് നിർത്തി യാത്രക്കാരെ കയറ്റി ടിക്കറ്റ് നിരക്ക് ഈടാക്കുന്നുമുണ്ട്. പെർമിറ്റ് വ്യവസ്ഥയിലെ സങ്കീർണത കാരണം അന്തർസംസ്ഥാന പാതകളിൽ പകരം സംവിധാനം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി.ക്ക് പരിമിതിയുണ്ട്. സംസ്ഥാനത്തുള്ളിൽ കൃത്യമായി ആസൂത്രണത്തോടെ സർവിസ് നടത്താൻ കഴിയുമെങ്കിലും കെ.എസ്.ആർ.ടി.സി അതിന് മുതിരുന്നില്ല.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റിന് കൈമാറിയെങ്കിലും ആവശ്യത്തിന് സർവിസ് ഇപ്പോഴുമില്ല. ഈ സാഹചര്യമാണ് സ്വകാര്യ ദീർഘദൂര സർവിസുകൾ ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി കേരളത്തിൽ ഓടുന്നത് വ്യാപകമാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഉയർന്ന നികുതിയിൽനിന്ന് രക്ഷനേടുകയാണ് ഇത്തരം രജിസ്ട്രേഷനുകളുടെ ലക്ഷ്യം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ ഇത്തരം ബസുകൾക്ക് നികുതി ഏർപ്പെടുത്തി കർശനമായി നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.