കോട്ടയം: കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമികളിലും കെട്ടിടങ്ങളിലും പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ടൂറിസം, സമുദ്രാധിഷ്ഠിത വ്യവസായ പദ്ധതികൾ ആരംഭിക്കുന്നു. അതിനായി മാരിടൈം ബോർഡ് ലാൻഡ് മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റുകളെ നിയോഗിച്ചു. തിരുവനന്തപുരം വലിയതുറയിലെ തുറമുഖഭൂമി, അതിൽ സ്ഥിതിചെയ്യുന്ന ഗോഡൗൺ കെട്ടിടങ്ങൾ, കണ്ണൂർ തലശ്ശേരിയിലെ കടൽപാലവും അനുബന്ധ കെട്ടിടങ്ങളും അഴീക്കലിലെ ലൈറ്റ്ഹൗസും പരിസരപ്രദേശവും തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി ഉദ്ദേശിക്കുന്നത്.
മാരിടൈം ബോർഡിനുകീഴിലെ ഭൂമിയും കെട്ടിടങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. വ്യാപക ഭൂമി കൈയേറ്റം നടക്കുന്നുവെന്ന പരാതികളുമുണ്ടായി. ഈ സാഹചര്യത്തിലാണ് ടൂറിസം പദ്ധതികൾ ആരംഭിക്കാനുള്ള നീക്കം.
പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും തുറമുഖഭൂമിയുടെ അവകാശം മാരിടൈം ബോർഡിൽ നിലനിർത്തും. പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പി.പി.പി കരാറിലായിരിക്കും. കോഴിക്കോട് പോർട്ട് ബംഗ്ലാവ് കെട്ടിടത്തിന് 12 നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.