തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച ദ്വിദിന കൊളോക്കിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സവിശേഷ സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് ഇണങ്ങും വിധം സ്വകാര്യ സർവകലാശാലകളുടെ സ്ഥാപനം എങ്ങനെയാകാം എന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ലോകത്തിന് മാതൃകയാക്കാവുന്ന നൂതന സംവിധാനങ്ങളും വിനിമയ രീതിയുമുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉയർന്നുവരണം. ഇതിനു സ്വകാര്യ നിക്ഷേപം ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിൽ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന കേരള ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് (ഹയർഎജുക്കേഷൻ കരിക്കുലം ഫ്രെയിംവർക്ക്) രൂപവത്കരിക്കും.
അക്കാദമിക് വിദഗ്ധരുടെ സഹായത്തോടെ രൂപവത്കരിക്കുന്ന ഹയർഎജുക്കേഷൻ കരിക്കുലം ഫ്രെയിംവർക്ക് ജനകീയ ചർച്ചകളിലൂടെ അന്തിമമാക്കും. ഇതിനുള്ള കരട് 2023 മാർച്ചോടെ രൂപപ്പെടുത്താനാകണം.
ഈ ചട്ടക്കൂടിന് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരണവും നവീകരണവും അതത് സർവകലാശാലകൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു വർഷ ബിരുദ കോഴ്സുകൾക്ക് പകരം അടുത്ത വർഷം മുതൽ നാലു വർഷ കോഴ്സുകൾ തുടങ്ങാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കി.
മൂന്നു വർഷ ബിരുദ കോഴ്സുകൾ എന്ന ആശയം മികച്ച സർവകലാശാലകളിൽ നിലവിലില്ല. കേരളത്തിലെ സർവകലാശാലകളിലും നാലു വർഷ ബിരുദ കോഴ്സുകൾ വിഭാവനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെഏഴ് സർവകലാശാലകളിൽ അഞ്ചു വർഷത്തേക്ക് മൂന്നു വീതം പ്രോജക്ട് മോഡ് കോഴ്സുകൾ തുടങ്ങാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.അഞ്ച് വർഷത്തെ അനുഭവം വിലയിരുത്തി മാറ്റങ്ങളോടെ തുടരേണ്ടവ തുടരുകയും അല്ലാത്തവ മാറ്റി പുതിയത് ആരംഭിക്കുകയും ചെയ്യാം. 10 സർക്കാർ കോളജുകളെ കോൺസ്റ്റിറ്റ്യുവന്റ് കോളജുകളാക്കി ഉയർത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.