മെറിറ്റ് അംഗീകരിക്കാൻ വിസമ്മതിക്കുന്ന പ്രിയ വർഗീസും പാർട്ടിയും

കണ്ണൂർ യൂനിവേഴ്സിറ്റിയിലെ അധ്യാപന നിയമനത്തിൽ മെറിറ്റ് അംഗീകരിക്കാൻ വിസമ്മതിക്കുന്ന പ്രിയ വർഗീസും പാർട്ടിയുമാണ് പ്രശ്നം. കേരളത്തിലെ സർവകലാശാലകളിൽ സാധാരണമായി ഇത് അരങ്ങേറുന്നതിനാൽ അക്കാദമിക സമൂഹം പോലും ഇതിൽ നിശബ്ദരാണ്.

യു.ജി.സിയുടെ മാനദണ്ഡപ്രകാരമുള്ള മെറിറ്റിൽ പിന്നിലാണ് പ്രിയ വർഗീസ്. എന്നാൽ, പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അതിപ്പോഴും ബോധ്യമായിട്ടില്ല. സ്കൂൾ ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു പോലും 10നേക്കാൾ ചെറിയ സംഖ്യയാണ് ഒമ്പതെന്ന് അറിയാം. അത് സമ്മതിക്കാൻ പ്രിയ വർഗീസ് സമ്മതിക്കാത്തതിന് കാരണം സ്പീക്കറുടെ ഭാര്യയുടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നിയമനമാണ്. അവിടെ വിവാദം ഉണ്ടായെങ്കിലും രണ്ടാം റാങ്കുകാരി എസ്.എഫ്.ഐ സഖാവായതിനാൽ രംഗത്ത് വന്നില്ല.

എന്നാൽ, ഇവിടെ രണ്ടാം റാങ്കുകാരൻ രംഗത്തുവന്നു. അധ്യാപന പരിചയത്തിലും ഗവേഷണത്തിലും പ്രസിദ്ധീകരണത്തിലും റിസർച്ച് പേപ്പറുകളും മുന്നിൽ നിൽക്കുന്ന അദ്ദേഹം എങ്ങനെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടുവെന്ന് ആരും വ്യക്തമാക്കുന്നില്ല. അതിനാൽ മെറിറ്റിന്റെ പ്രശ്നമാണ് കേരളം ചർച്ച ചെയ്യേണ്ടത്. സർവകലാശാലയും സിൻഡിക്കേറ്റും വി.സിയും സർക്കാരും സി.പി.എമ്മും ഒരു വശത്തും ഗവർണർ മറുവശത്തുമായി നിന്ന് നടത്തേണ്ട സമരമല്ലിത്.

സി.പി.എം ആഗ്രഹിക്കുന്നവരെയൊക്കെ തിരുകി കയറ്റുന്ന ഇന്റർവ്യൂ സമ്പ്രദായം സംസ്ഥാനത്തെ സർവകലാശാലകളിൽ നിലനിൽക്കുന്നു. തന്നിഷ്ടകാരെ മെറിറ്റ് മറികടന്ന് നിയമിക്കുന്നതിന് വഴിയൊരുക്കുന്ന രീതിയാണത്. ഇന്‍റർവ്യൂ കഴിയുമ്പോൾ അക്കാദമിക് മെറിറ്റുള്ളവർ പുറത്തും പാർട്ടിക്ക് വേണ്ടപ്പെട്ടവർ അകത്തുമാവും.

സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി നൽകുന്നതിനുള്ള സ്വയംഭരണമാണ് സർവകലാശാലകളിൽ നടക്കുന്നത്. പ്രിയ വർഗീസിനെ പോലുള്ളവരുടെ പാർട്ടി കുടുംബങ്ങളുടെ സ്വാർഥ താൽപര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന മെറിറ്റിനെക്കുറിച്ചാണ് പ്രിയ വർഗീസ് സംസാരിക്കേണ്ടത്.

വി.സി എല്ലാ അട്ടിമറിയും നടത്തിയത് പ്രിയ വർഗീസിനെ നിയമിക്കാനാണ്. നിയമനങ്ങൾ നടക്കുന്നതിന്റെയും ഇൻറർവ്യൂ സമ്പ്രദായത്തിന്റെയും സാങ്കേതികത സാധാരണ ജനങ്ങൾക്ക് അറിയില്ല. ഇൻറർവ്യൂ ബോർഡിന് തോന്നുംപടി മാർക്ക് ദാനം നടത്തി ആരെയെങ്കിലും നിയമിക്കാൻ കഴിയുന്ന വ്യവസ്ഥ നിലവിലില്ല. നിയമനം നിയമവിധേയമാണോയെന്ന് സർവകലാശാല കോടതിയിൽ തെളിയിക്കട്ടെ. നിയമനത്തിൽ പൊരുത്തക്കേടുകളുടെ പറുദീസയാണ് സർവകലാശാലയിൽ നടന്നത്. നടപടികളെല്ലാം അട്ടമറിച്ചാണ് പ്രിയ വർഗീസിനെ നിയമിക്കാൻ തീരുമാനിച്ചത്.

പ്രിയ വർഗീസ് രാഷ്ട്രീയ സ്വാധീനം ചെലുത്തിയത് അവരുടെ വ്യക്തിപരമായ താല്പര്യമായിരുന്നു. അവർക്ക് പലയിടത്തേക്ക് ജോലിക്ക് മാറ്റങ്ങൾ ലഭിച്ചതും ആനുകൂല്യങ്ങൾ ലഭിച്ചതും രാഷ്ട്രീയം സ്വാധീനത്താലാണ്. ഏറ്റവും മികവുള്ള ആളിനെ മാറ്റിനിർത്തി പ്രയ വർഗീസിനെ നിയമിക്കുമ്പോൾ അക്കാദമിക സമൂഹത്തെയും രാഷ്ട്രീയം വിഴുങ്ങുകയാണ്. അതിലൂടെ സർവകലാശാലകൾക്ക് സംഭവിക്കുന്ന അപചയം ചെറുതല്ല. ഇൻറർവ്യൂവിന് കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചു എന്ന സി.പി.എം വാദം ബന്ധുക്കളെ നിയമിക്കാനുള്ള കുറുക്കുവഴിയാണ്. ഇൻറർവ്യൂവിൽ സ്വജനപക്ഷപാതം നടത്തി എന്നതാണ് പ്രശ്നം.

പ്രായപരിധികഴിഞ്ഞിട്ടും വി.സിയായി തുടരാൻ അനുവദിച്ചതിനുള്ള ഉപകാരസ്മരണയാണ് പ്രിയ വർഗീസിന്റെ നിയമനം. രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ മുട്ടിൽ ഇഴയുന്ന വി.സിയെയാണ് സർവകലാശാലയിൽ കാണുന്നത്. മെറിറ്റുള്ളവരെ വഴിയാധാരമാക്കുന്ന ഇൻറർവ്യൂ ബോർഡ് നിയമനത്തിന് കൂട്ടുനിന്നു. രാഷ്ട്രീയധികാരം ഉപയോഗിച്ച് നിയമനം നേടാമെന്ന പ്രിയ വർഗീസിന്റെ ചിന്ത ആപൽക്കരമാണ്. പുരോഗമന സാംസ്കാരിക നായകന്മാർ പ്രസ്താവന എഴുതിയില്ലെങ്കിലും പ്രിയ വർഗീസിനെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്.

Tags:    
News Summary - Priya Varghese and the party who refuse to accept merit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.