കൊച്ചി: യു.ജി.സി മാർഗനിർദേശ പ്രകാരം അസോസിയേറ്റ് പ്രഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ് താനെന്ന് കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രിയ വർഗീസ് ഹൈകോടതിയിൽ. താൻ പിഎച്ച്.ഡി പഠനത്തിനുപോയ കാലയളവും ഡെപ്യൂട്ടേഷനിൽ സ്റ്റുഡന്‍റ്സ് സർവിസ് ഡയറക്ടറായിരുന്ന കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന വാദം തെറ്റാണ്. ഗവേഷണത്തിന് സർക്കാർ അനുമതിയോടെ ഡെപ്യൂട്ടേഷനിലാണ് പോയത്. അവധിയില്ലല്ല. ഇതു സർവിസായി സർക്കാർ പരിഗണിച്ചിട്ടുമുണ്ട്.
സ്റ്റുഡന്‍റ്സ് സർവിസ് ഡയറക്ടർ സ്ഥാനം അധ്യാപക തസ്തികയാണെന്ന് 2012ൽ ഹൈകോടതി വിധിയുമുണ്ട്. അതിനാൽ ഈ രണ്ട് കാലയളവും അധ്യാപന പരിചയമായി പരിഗണിക്കാമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കണ്ണൂർ സർവകലാശാലായിൽ അസോ. പ്രഫസർ നിയമനത്തിന് സർവകലാശാല തയാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവർക്ക് അധ്യാപന പരിചയമടക്കമുള്ള മതിയായ യോഗ്യതയില്ലെന്ന് കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അസോ. പ്രഫസറാകാൻ ഹരജിക്കാരന് മതിയായ യോഗ്യതകളില്ലെന്ന വാദവും പ്രിയ ഉന്നയിച്ചിട്ടുണ്ട്. അസോ. പ്രഫസർ നിയമനത്തിനുള്ള റിസർച് സ്കോറിന് വേണ്ടി ഹരജിക്കാരൻ സമർപ്പിച്ച ആറു ബുക്കിൽ രണ്ടെണ്ണം മാത്രമാണ് അദ്ദേഹം എഴുതിയത്. ബാക്കിയുള്ളവ എഡിറ്റ് ചെയ്തതാണ്. അസി. പ്രഫസർ നിയമനത്തിന് യു.ജി.സി നെറ്റ് നിർബന്ധമാക്കിയിരുന്ന 2008ൽ ഈ യോഗ്യതയില്ലാതെയാണ് ഹരജിക്കാരൻ അധ്യാപക ജോലിയിൽ പ്രവേശിച്ചത്. ജോസഫ് സ്‌കറിയയുടെ ഹരജിയിൽ കണ്ണൂർ സർവകലാശാലയെ കക്ഷിചേർത്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.