'ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ' പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന സഹോദരൻ രാഹുൽ ഗാന്ധിയുടെ പ്രസ്തവനയെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.

'ഇന്ത്യ ടുമോറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹര്‍ഷ് ഷായും ചേര്‍ന്നാണ് പുസ്തകം തയാറാക്കിയത്.

"പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്‍റ് ഉണ്ടായാല്‍ അദ്ദേഹമായിരിക്കും എന്‍റെ ബോസ്. എന്നെ ഉത്തര്‍പ്രദേശില്‍ ആവശ്യമില്ലെന്നും ആന്‍ഡമാന്‍, നിക്കോബാറിലേക്ക് പോകണമെന്നും നാളെ അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോകും." പ്രിയങ്ക പറഞ്ഞു.

'എന്‍റെ സഹോദരൻ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തിൽ അസന്നിഗ്ധമായി പ്രസ്താവിച്ചിരുന്നു. രാജിക്കത്തിൽ പറഞ്ഞില്ലെങ്കിലും മറ്റ് എല്ലായിടത്തും അദ്ദേഹം പറയുന്നുണ്ട്, ഞങ്ങളാരുമല്ല, പ്രസിഡന്‍റ് പദവി ഏറ്റെടുക്കേണ്ടതെന്ന്. അതിനെ ഞാൻ പൂർണമായും പിന്തുണക്കുന്നു.' ഗാന്ധിമാർ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനം കയ്യാളുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇതായിരുന്നു.

കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രസിഡന്‍റ് ആകേണ്ട കാര്യമില്ലെന്നും താൻ എപ്പോഴും പാർട്ടിയോടൊപ്പം ഉണ്ടെന്നും രാഹുൽ പറഞ്ഞതായും പുസ്തകത്തിൽ പറയുന്നു. അധ്യക്ഷ പദവി ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ.

ഉടന്‍ കോൺഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകള്‍ നല്‍കുന്നത്. 2019ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയത്. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.