കൽപറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തക ുമാറിെൻറ വീട്ടിൽ ആശ്വാസവാക്കുകളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൃ ക്കൈപ്പറ്റ വാഴക്കണ്ടി കുറുമ കോളനിയിലെ തറവാട്ടു വീട്ടിൽ ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ ് പ്രിയങ്ക എത്തിയത്. വസന്തകുമാറിെൻറ മാതാവ് ശാന്ത, ഭാര്യ ഷീന, മക്കളായ അമർദീപ്, അനാമിക എന്നിവരും അടുത്ത ബന്ധുക്കളും സിവിൽ സർവിസ് റാങ്ക് ജേതാവ് ശ്രീധന്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പതിനഞ്ചു മിനുട്ടോളം ഇവരുമായി കുശലാന്വേഷണം നടത്തി. മക്കളുടെ വിദ്യാഭ്യാസത്തെയും ഷീനയുടെ ജോലിയെയും കുറിച്ച് പ്രിയങ്ക ചോദിച്ചു. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം ലഭിച്ചോ എന്നും അന്വേഷിച്ചു. സമാന സാഹചര്യങ്ങളിലൂടെ താനും രാഹുലും കടന്നുപോയ കാര്യം കുടുംബാംഗങ്ങളോട് പങ്കുവെച്ച പ്രിയങ്ക, സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്ന് ഉറപ്പുനൽകി. തൊട്ടടുത്ത ബന്ധുവീട്ടിലൊരുക്കിയ കപ്പയും ചമന്തിയും കഴിച്ചാണ് പ്രിയങ്ക യാത്രപറഞ്ഞത്.
ശനിയാഴ്ച സന്ദർശിക്കാനാണ് തീരുമാനിച്ചതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റിയത്. വൈത്തിരി റിസോർട്ടിൽനിന്ന് റോഡ് മാർഗമാണ് പ്രിയങ്ക വസന്തകുമാറിെൻറ വീട്ടിലെത്തിയത്. വഴികളിലെല്ലാം പ്രിയനേതാവിനെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. പലയിടങ്ങളിലും വാഹനത്തിൽനിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. കോളനിയിലും പരിസരത്തും കനത്ത സുരക്ഷയുണ്ടായിരുന്നു. കോളനിയിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിച്ചില്ല.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ പ്രിയങ്കയെ അനുഗമിച്ചു. വൈകീട്ട് നാലോടെ ഹെലികോപ്ടറിൽ കോഴിക്കോട്ടേക്കും അവിടെനിന്ന് ഡൽഹിയിലേക്കും പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.