കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൽപറ്റയിൽ റോഡ്ഷോയിൽ പങ്കെടുത്തശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകുക. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ വാർത്തസമ്മേമളനത്തിൽ പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഏഴ് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വയനാട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ സജീവമാണ്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു.
ഇടതിൽ സി.പി.ഐയുടെ സീറ്റായ വയനാട്ടിൽ ഇത്തവണ സത്യൻമൊകേരിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 6,47,445 വോട്ടും ഇടത് സ്ഥാനാർഥി ആനിരാജ 2,83,023- ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ 1,41045 വോട്ടാണ് നേടിയത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 3,64,422 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.