സര്‍വിസ് ചട്ടലംഘനം: ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാന്‍ തയാറെന്ന് സി.ബി.ഐ

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ സര്‍വിസ് ചട്ടലംഘന ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐ ഹൈകോടതിയില്‍. ഐ.ജി റാങ്കിലുള്ള ഐ.പി.എസ് ഓഫിസറെന്ന നിലയില്‍ കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കെ അനുമതിയില്ലാതെ അവധിയെടുത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലിനോക്കി പ്രതിഫലവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന പരാതി അന്വേഷിക്കാന്‍ തയാറാണെന്നാണ് സി.ബി.ഐ അറിയിച്ചത്.

ജേക്കബ് തോമസിനെതിരെ സര്‍വിസ് ചട്ടലംഘനത്തിനടക്കം കേസെടുക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് സ്വദേശി നരവൂര്‍ സത്യന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കെ ജേക്കബ് തോമസ് 2009 മാര്‍ച്ച് ആറുമുതല്‍ ജൂണ്‍ ആറുവരെ അവധിയെടുത്ത് കൊല്ലത്തെ ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റില്‍ ഡയറക്ടറായി ജോലിനോക്കിയെന്നും ഈ ഇനത്തില്‍ പ്രതിമാസം 1.69 ലക്ഷം രൂപ കൈപ്പറ്റിയെന്നുമുള്ള പരാതിയില്‍ കാര്യക്ഷമ അന്വേഷണം നടന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ചട്ടം ലംഘിച്ച് പ്രതിഫലം കൈപ്പറ്റിയത് സംബന്ധിച്ച് പൊലീസിലെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 2011 സെപ്റ്റംബറില്‍ സ്ഥാപനത്തില്‍നിന്ന് കൈപ്പറ്റിയ മുഴുവന്‍ തുകയും ജേക്കബ് തോമസ് തിരികെ നല്‍കിയതായി സി.ബി.ഐ നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പൊലീസിലെ വിജിലന്‍സ് വിഭാഗത്തിന്‍െറ അന്വേഷണം കണ്ണില്‍പൊടിയിടുന്നതാണെന്ന ആരോപണവും ഹരജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്.

വ്യക്തിപരമായ നേട്ടത്തിന് മുതിര്‍ന്ന പൊതുസേവകന്‍ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഇതുവഴി ക്രിമിനല്‍ പെരുമാറ്റദുഷ്യമുണ്ടായെന്നുമുള്ള പരാതി ഗൗരവമാണെന്നും അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നുമാണ് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചത്. ഇതിന് കോടതി നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജേക്കബ് തോമസിനെതിരായ ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് പ്രതിഫലം പറ്റിയത് ചട്ടലംഘനമാണെന്ന വാദത്തില്‍ കഴമ്പില്ളെന്നായിരുന്നു സര്‍ക്കാറിന്‍െറ വാദം. മുന്‍കൂര്‍ അപേക്ഷ നല്‍കിയശേഷമാണ് അവധിയില്‍ പ്രവേശിച്ചത്. അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് അപേക്ഷിച്ചത്.

അവധിയില്‍ പ്രവേശിക്കുംമുമ്പ് ഒൗദ്യോഗിക വാഹനവും ലോഗ് ബുക്കും തിരിച്ചേല്‍പിച്ചിട്ടുണ്ട്. സര്‍വിസ് കാര്യങ്ങള്‍ പൊതുതാല്‍പര്യ ഹരജിയില്‍ ചോദ്യം ചെയ്യാനാവില്ളെന്നും കേസുമായി ബന്ധമില്ലാത്ത വ്യക്തിയാണ് ഹരജിക്കാരനെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

Tags:    
News Summary - probe against jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.