പത്തനംതിട്ട: അടിയും തിരിച്ചടിയുമായി ജില്ലയിൽ ആടി ഉലഞ്ഞ് കോൺഗ്രസ്. ഒരു കാലത്ത് സി.പി.എമ്മിന് കണ്ണൂർ പോലെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ ഉരുക്കു കോട്ടയായിരുന്നു പത്തനംതിട്ട. നിയമസഭ സീറ്റ് മുഴുവൻ കൈയിൽ വെച്ചിരുന്ന കോൺഗ്രസിന് ഇന്ന് ജില്ലയിൽ ഒറ്റ സീറ്റുമില്ല. ഈ ദയനീയാവസ്ഥയിലും നേതാക്കളുടെ പോരിന് കുറവില്ലെന്നും പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നുവെന്നുമാണ് വ്യാഴാഴ്ച മുൻ ഡി.സി.സി പ്രസിഡന്‍റ് നടത്തിയ വാർത്തസമ്മേളനം വ്യക്തമാക്കുന്നത്.
ഡി.സി.സി ഓഫിസിലെ തർക്കങ്ങളെ തുടർന്ന് പ്രസിഡന്‍റിന്‍റെ ഓഫിസിന്‍റെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിന് സസ്പെൻഷനിലായ ബാബു ജോർജിനെതിരെ മുതിർന്ന നേതാവ് പി.ജെ. കുര്യൻ സാമ്പത്തിക തിരിമറി ആരോപിച്ചതാണ് പരസ്യ പ്രതികരണത്തിന് നിർബന്ധിതനാക്കിയത്. പാർട്ടി അന്വേഷിച്ച് തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചത് തന്നെ പുകച്ച് പുറത്തുചാടിക്കാനുള്ള ഗൂഢ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ബാബു ജോർജിന്‍റെ ആരോപണം.
തന്നെ പോലുള്ളവർ ചോര നീരാക്കി ഉണ്ടാക്കിയ കെട്ടിടത്തിൽ വെച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിന്‍റെ ഭാഗത്തു നിന്നുണ്ടായ മോശം വാക്കുകളാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ബാബു ജോർജ് പറഞ്ഞു. വലിച്ചടച്ച കതക് തള്ളിത്തുറക്കാൻ പറ്റാതെ വന്നപ്പോഴാണ് ചെറുതായി ചവിട്ടിയത്. ജില്ലയിൽ കോൺഗ്രസിനെ തകർക്കുന്നത് പി.ജെ. കുര്യനാണെന്നും അദ്ദേഹം പറഞ്ഞു. കുര്യനെ എല്ലാവർക്കും ഭയമാണ്. സാമ്പത്തിക ആരോപണം ഉന്നയിച്ച് തന്നെ പൊതു മധ്യത്തിൽ അപമാനിച്ച സാഹചര്യത്തിൽ മറുപടി പറഞ്ഞാലേ തല ഉയർത്തി നിൽക്കാനാകൂ. ഇതിന്‍റെ പേരിലെ നടപടികളെ ഭയക്കുന്നില്ല.
കുര്യൻ ആരോപണങ്ങൾ നിർത്തുന്നതുവരെ പരസ്യ പ്രതികരണം തുടരും. ഡി.സി.സി പ്രസിഡന്‍റിന് വിമർശനങ്ങളോട് അസഹിഷ്ണുതയാണ്. ജില്ലയിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തനിക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് അദ്ദേഹം ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറി വി.ആർ. സോജിയും പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി യോഗത്തിൽ വാക്കുതർക്കത്തെ തുടർന്ന് സോജിക്ക് മർദനമേറ്റിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.