പ്രഫ. സി.ആർ. ഓമനക്കുട്ടന്‍റെ സംസ്കാരം നാളെ ബഹുമതികളോടെ

കൊച്ചി: അന്തരിച്ച പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. സി.ആർ. ഓമനക്കുട്ടന്‍റെ സംസ്കാരം നാളെ നടക്കും. ഉച്ചക്ക് 2.30ന്​ രവിപുരം ശ്​മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ്​ സംസ്കാര ചടങ്ങുകൾ നടക്കുക. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്​ രണ്ടുവരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന്​ വെക്കും. തുടർന്ന് വിലാപയാത്രയായി രവിപുരം ശ്​മശാനത്തിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും വേണ്ടി ജില്ല കലക്ടർ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിക്കും.

ഇന്ന് ഉച്ചക്ക്​​ 2.50ന് ഹൃദയാഘാതത്തെ തുടർന്ന്​ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രഫ. സി.ആർ. ഓമനക്കുട്ടന്‍റെ അന്ത്യം. ചലച്ചിത്ര സംവിധായകൻ അമൽ നീരദ്​ മകനാണ്​. ഭാര്യ: പരേതയായ എസ്‌. ഹേമലത. മകൾ: അനൂപ (മഹാരാജാസ്​ കോളജ്​ ഇംഗ്ലീഷ്​ വിഭാഗം അധ്യാപിക). മരുമക്കൾ: നടി ജ്യോതിർമയി, അധ്യാപകനും തിരക്കഥാകൃത്തുമായ ഗോപൻ ചിദംബരൻ.

1943 ഫെബ്രുവരി 13ന്​ കോട്ടയം തിരുനക്കരയിൽ രാഘവൻ-പെണ്ണമ്മ ദമ്പതികളുടെ മകനായി ജനിച്ച ഓമനക്കുട്ടൻ കോട്ടയം നായർ സമാജം ഹൈസ്‌കൂൾ, സി.എം.എസ്‌ കോളജ്‌, കൊല്ലം എസ്‌.എൻ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി കോളജ്‌ എന്നിവിടങ്ങളിലാണ്​ വിദ്യാഭ്യാസം പൂർത്തിയാക്കിയത്​. വിദ്യാഭ്യാസം, സിനിമ മാസിക, പ്രഭാതം, ഗ്രന്ഥലോകം എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. നാലു​ വർഷത്തിലേറെ സംസ്ഥാന സർക്കാറിന്‍റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ ഇൻഫർമേഷൻ ഓഫിസറായി ജോലി ചെയ്തു.

1973ൽ കോഴിക്കോട്​ മീഞ്ചന്ത കോളജിൽ അധ്യാപകനായി. പിന്നീട്​ 23 വർഷം എറണാകുളം മഹാരാജാസ്​ കോളജിൽ മലയാളം അധ്യാപകനായിരുന്നു. 1998ലാണ്​ വിരമിച്ചത്​. ‘ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ’ എന്ന കൃതിക്ക്​ 2010ൽ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വവിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു.

എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിത കഥകൾക്ക്​​ പുറമെ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും ഓമനക്കുട്ടൻ എഴുതി. അടിയന്തരാവസ്ഥക്കാലത്ത്‌ പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ച്​ ദേശാഭിമാനിയിൽ ഓമനക്കുട്ടൻ എഴുതിയ ‘ശവം തീനികൾ’ എന്ന പരമ്പര ഏറെ ചർച്ചയായിരുന്നു.

അഘശംസി എന്ന പേരിൽ ദേശാഭിമാനിയിൽ നർമ പംക്തിയും എഴുതി. ഓമനക്കഥകൾ, പകർന്നാട്ടം, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, കാൽപാട്​, ഫാദർ ഡെർജിയസ്‌, ഭ്രാന്തന്‍റെ ഡയറി, കാർമില, തണ്ണീർ, ദേവദാസ്​, നാണു, കുമാരു എന്നിവയാണ്​ പ്രധാന കൃതികൾ.

Tags:    
News Summary - Prof. CR Omanakuttan's cremation tomorrow with state honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.