കൊച്ചി: വിദേശത്തുനിന്ന് ഒരു കിലോ സ്വർണം കള്ളക്കടത്തായി കേരളത്തിൽ എത്തിച്ചാൽ ലാഭം ഏകദേശം നാലര ലക്ഷം രൂപ. സ്വർണത്തിന് 10 ശതമാനമാണ് ഇറക്കുമതിച്ചുങ്കം. നികുതി വെട്ടിച്ച് കേരളം വഴി സ്വർണം കടത്താൻ വൻ മാഫിയ നിലയുറപ്പിക്കുേമ്പാൾ അതിന് പിന്നിൽ ജീവനറ്റ് വീഴുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളായ യുവാക്കളും.
2020 നവംബറിൽ അവസാനിച്ച അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ നാല് വിമാനത്താവളം വഴി കള്ളക്കടത്തായി കൊണ്ടുവന്ന 1.25 ടൺ സ്വർണം പിടികൂടിയെന്നാണ് കസ്റ്റംസിെൻറ വെളിപ്പെടുത്തൽ. ഇതിന് 448 കോടി രൂപ മൂല്യം വരും. അതേസമയം, രാജ്യത്ത് ഓരോ വർഷവും 700 മുതൽ 1000 ടൺ വരെ സ്വർണം ജ്വല്ലറി വ്യവസായത്തിനായി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഓൾ ഇന്ത്യ െജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) വ്യക്തമാക്കുന്നു.
ഇറക്കുമതിച്ചുങ്കം 12.50 ശതമാനമായിരുന്ന കാലയളവിൽ ഇതുവഴി 50,000 കോടിയുടെ നികുതി കേന്ദ്ര ഖജനാവിൽ എത്തിയിട്ടുണ്ട്. പിടികൂടാതെ പോകുന്ന കള്ളക്കടത്ത് സ്വർണത്തിലൂടെ 50,000 കോടിയുടെതന്നെ നികുതി നഷ്ടവും സംഭവിക്കുന്നു. ഇറക്കുമതിച്ചുങ്കം പിൻവലിക്കുകയോ രണ്ട് ശതമാനത്തിലേക്ക് ചുരുക്കുകയോ ചെയ്താൽ സ്വർണ കള്ളക്കടത്ത് നിലക്കുമെന്നാണ് ജി.ജെ.സിയുടെ നിലപാട്.
കേരളത്തിൽ കള്ളക്കടത്തായി എത്തുന്ന സ്വർണത്തിെൻറ വലിയഭാഗവും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഒരു ഭാഗം സംസ്ഥാനത്തെ സമാന്തര സ്വർണ വിപണിയിലേക്കും കള്ളപ്പണക്കാർക്കും എത്തുന്നു. കേരളത്തിലെ ജ്വല്ലറികളിലെ വ്യാപാരത്തിെൻറ 60 മുതൽ 70 ശതമാനം വരെ പഴയ സ്വർണം മാറ്റിവാങ്ങലാണ്. പഴയത് ഇഷ്ടംപോലെ ലഭിക്കുമെന്നതിനാൽ ഭൂരിഭാഗം വ്യാപാരികൾക്കും കള്ളക്കടത്ത് സ്വർണത്തെ ആശ്രയിക്കേണ്ടിവരുന്നില്ല. ഒരു വർഷം 30,000-40,000 കോടിയുടെ സ്വർണ വ്യാപാരം സംസ്ഥാനത്ത് മാത്രം നടക്കുന്നു. 630-700 കോടിയാണ് ഇതിലൂടെ സർക്കാറിന് ലഭിക്കുന്ന നികുതി.
അന്തർ സംസ്ഥാന സ്വർണാഭരണ കൈമാറ്റത്തിന് ഇ-വേ ബിൽ നിർബന്ധമാക്കണമെന്ന ആവശ്യത്തെ ജി.ജെ.സി ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ തള്ളുന്നു. സ്വർണാഭരണ നിർമാണം പല ഫാക്ടറികളിലായാണ് നടക്കുന്നത്. ഒരു ആഭരണത്തിെൻറ ഉൽപാദനം പൂർത്തിയാകും മുമ്പ് നിരവധി ഫാക്ടറികളിലൂടെ കടന്നുപോകുന്നു.
ജ്വല്ലറികളിലേക്ക് സ്വർണം എത്തിക്കാൻ വിശ്വസ്തരായ പ്രത്യേക ആൾക്കാരെയാണ് ചുമതലപ്പെടുത്തുന്നത്. ഇവരുടെ വിവരം ഏതെങ്കിലും തരത്തിൽ പുറത്തായാൽ മോഷണം മുതൽ കൊലപാതകംവരെ നടക്കാമെന്നും അദ്ദേഹം വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.