ആഴക്കടലില്‍ തെങ്ങിന്‍ കുലച്ചിലുകൾ താഴ്ത്തി നിരോധിത മത്സ്യബന്ധനം തകൃതി

ചാവക്കാട്: ആഴക്കടലില്‍ തെങ്ങിന്‍ കുലച്ചിലുകൾ താഴ്ത്തി നിരോധിത മത്സ്യബന്ധനം തകൃതിയായി നടക്കു​േമ്പാഴും നടപടിയെടുക്കാതെ അധികൃതർ. ബ്ലാങ്ങാട് ബീച്ച് കേന്ദീകരിച്ച് 200ഓളം ഫൈബർ വഞ്ചിക്കാരാണ് ആഴക്കടലിൽ മീൻ പിടിക്കാൻ പോകുന്നത്. കന്യാകുമാരി ഉൾ​െപ്പടെയുള്ള തെക്കൻ ജില്ലക്കാരാണ് മത്സ്യ വിപണിയില്‍ വന്‍വിലയുള്ള കണവ മത്സ്യങ്ങളെ പിടിക്കാൻ തെങ്ങിന്‍ കുലച്ചില്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

കണവ മത്സ്യങ്ങളെ ആകര്‍ഷിക്കാനാണ് ആഴക്കടലില്‍ തെങ്ങിൻ കുലച്ചിലുകളും പ്ലാസ്​റ്റിക് കുപ്പികളും സിമൻറ് ചാക്കുകളിൽ നിറച്ച മണ്ണുമിട്ട് കൃത്രിമ ആവാസകേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത്. ഓരോ തവണ കണവ പിടിത്തത്തിന് പോകുമ്പോഴും കുലച്ചിലുകള്‍ കൂടാതെ 50 മുതല്‍ 100 വരെ മണല്‍ ചാക്കുകളും കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. ആക്രിക്കച്ചവടക്കാരിൽനിന്ന് കൂട്ടത്തോടെ വാങ്ങുന്ന കുപ്പികളും ചെറിയ കാനുകളുമാണ് കുലച്ചിലുകൾക്കൊപ്പം കെട്ടിയിടുന്നത്. കടലിലെ അടിഭാഗത്തെ പാറക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ കണവ പോലുള്ള മത്സ്യങ്ങള്‍ മുട്ടയിടുന്നതും അത്‌ വിരിയുന്നതിന്‌ കൂട്ടമായി കാവലിരിക്കുന്നതും.

ആഴക്കടലി​െൻറ അടിത്തട്ടിൽ പാറക്കൂട്ടങ്ങള്‍ എവിടെയാണെന്ന്​ ശരിയായി മനസ്സിലാക്കി അതി​െൻറ തൊട്ടടുത്തായാണ് കൃതിമ സങ്കേതം ഒരുക്കുന്നത്. ഇത്തരം സങ്കേതം നിർമിച്ച് ദിവസങ്ങൾക്കുശേഷമാണ് മത്സ്യം പിടിക്കാനെത്തുക. കൃത്രിമ കൂടാരം നിർമിച്ച് കടലിൽ താഴ്ത്തിയാൽ ജി.പി.എസ് ഉപകരണത്തിൽ ആ സ്ഥലം അടയാളപ്പെടുത്തിയാണ് അവിടം വിടുക. പിന്നീട് ജി.പി.എസ് വഴി കുലച്ചില്‍ ഇട്ട സ്ഥലത്തെത്തിയാണ് അവയെ പിടിക്കുക. മുട്ടയിടാനായി കണവ കുലച്ചില്‍കെട്ടില്‍ അള്ളിപ്പിടിച്ചാണിരിക്കുക. മുട്ടയിടുന്ന സമയത്ത്​ മത്സ്യങ്ങളെ പിടിച്ചാല്‍ ഇവക്കു വംശനാശം സംഭവിക്കാൻ സാധ്യതയുണ്ട്​.

കുലച്ചില്‍ മത്സ്യബന്ധനം സംബന്ധിച്ച തര്‍ക്കം പലയിടങ്ങളിലും സ്വദേശികളായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിന്​ കാരണമാകാറുണ്ട്. കയർ പൊട്ടിയ കുലച്ചിൽകൂട്ടം കരയിലേക്ക് നീങ്ങി പരമ്പരാഗത വഞ്ചിക്കാർ വിരിച്ച വലയിൽ കുരുങ്ങുന്ന സംഭവങ്ങളും പതിവാണ്. കുലച്ചിൽ കൂട്ടങ്ങളും അവ കെട്ടി തയാറാക്കുന്ന തൊഴിലാളികളും ബ്ലാങ്ങാട് ബീച്ചിൽ പതിവ് കാഴ്ചയാണ്. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ. 

കുലച്ചിലുകൾ കുടുങ്ങി വല നശിച്ചു

ചാവക്കാട്: കണവ പിടിക്കാനായി കടലിൽ താഴ്ത്തിയ കുരഞ്ഞിലുകൾ (കുലച്ചിലുകൾ) കുടുങ്ങി മത്സ്യബന്ധന വലകൾ നശിച്ചു. അരലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചു.

ഇന്നലെ മത്സ്യബന്ധനത്തിനായി കടലിൽ പോയ ബി.എച്ച്. നൗഫലി​െൻറ ഉടമസ്ഥതയിലുള്ള വള്ളത്തിലെ വലകളാണ് നശിച്ചത്. പകുതി വല തിരികെ ലഭിച്ചെങ്കിലും പകുതി നഷ്​ടപ്പെട്ടു.

Tags:    
News Summary - Prohibited fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.