കൊച്ചി: മന്ത്രവാദം തടയൽ നിയമത്തിന്റെ കരട് നിർദേശങ്ങളായി. ആഭ്യന്തര വകുപ്പിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തിയ കരട് നിയമവകുപ്പിന്റെ പരിഗണനയിലാണ്. നവംബറിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ധിറുതിപിടിച്ച നീക്കം വേണ്ടെന്നും മതാചാരങ്ങൾക്ക് വിഘാതമാകാത്തതാകണം നിയമമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെയും കർണാടകയിലെയും ദുർമന്ത്രവാദം തടയൽ നിയമ മാതൃകയിലാണ് ഇവിടുത്തെയും നിയമം. എന്നാൽ, തനിപ്പകർപ്പാകില്ലെന്നും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്തെന്നും നിയമവകുപ്പ് വൃത്തങ്ങൾ പറയുന്നു. ഭരണപരിഷ്കാര കമീഷനാണ് കരട് തയാറാക്കിയത്. ആഭ്യന്തരവകുപ്പിന്റെ ഭേദഗതികൂടി ഉൾപ്പെടുത്തി. മതനേതാക്കളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം കേൾക്കണമെന്ന നിർദേശമുണ്ട്.
മഹാരാഷ്ട്രയിലെ നിയമം മന്ത്രവാദം, നരബലി, ആഭിചാരക്രിയകൾ എന്നിവ തടയുന്നതാണ്. ബാധ ഒഴിപ്പിക്കാൻ എന്ന പേരിലുള്ള ശാരീരിക പീഡനം ഉൾപ്പെടെ കുറ്റകരമാണ്. അമാനുഷിക ശക്തി ഉണ്ടെന്ന് പ്രചരിപ്പിക്കുക, പിശാചുബാധ ആരോപിച്ച് ദ്രോഹിക്കുക, പ്രേതബാധയാണെന്നു വരുത്തി ചികിത്സ നിഷേധിക്കുക, പാമ്പോ തേളോ പട്ടിയോ പോലുള്ള ജീവികൾ കടിച്ചാൽ മന്ത്രവാദംകൊണ്ട് മാറുമെന്ന് പ്രചരിപ്പിക്കുക, ഗർഭസ്ഥശിശുവിനെ ലിംഗനിർണയവും ലിംഗമാറ്റവും മന്ത്രത്താൽ സാധ്യമെന്ന് വാഗ്ദാനം ചെയ്യുക, പുനർജന്മം എന്ന് അവകാശപ്പെടുക, ഇത്തരം അവകാശവാദങ്ങളുടെ മറവിൽ ലൈംഗികാതിക്രമങ്ങൾക്ക് ശ്രമിക്കുക, ഇത്തരം വാഗ്ദാനമടങ്ങിയ പരസ്യങ്ങൾ നൽകുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്. കേസുകളിൽ ജാമ്യം ലഭിക്കില്ല. ആറുമാസം മുതൽ ഏഴുവർഷം വരെ തടവുശിക്ഷയും 5000 രൂപ മുതൽ അരലക്ഷം രൂപ വരെ പിഴയും ഒടുക്കണം. അതേസമയം, മതപരവും ആത്മീയവുമായ സ്ഥലങ്ങളിൽ എല്ലാതരത്തിലുള്ള ആരാധനകളും നിയമം അനുവദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.