കൊല്ലം: വിശ്വാസ വഞ്ചന, സ്വത്ത് തട്ടിപ്പ് കേസിൽപെട്ടവർ ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഭാരവാഹികൾ ഉടൻ സ്ഥാനമൊഴിയണമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ട്രസ്റ്റ് ചെയർമാൻ, സെക്രട്ടറി, അസി. സെക്രട്ടറി, എക്സി. അംഗങ്ങൾ ഉൾപ്പെടെ 100ൽപരം ട്രസ്റ്റികൾ വഞ്ചനക്കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇവർ രാജിവെക്കാൻ തയാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ നിയമനടപടി ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം എസ്.എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായി കുറ്റപത്രം കൊല്ലം സി.ജെ.എം കോടതിയിലുള്ളപ്പോഴും താൻ ഒരു ക്രിമിനൽ കേസിലും പ്രതിയല്ലെന്ന നടേശന്‍റെ പ്രസ്താവന അപാര തൊലിക്കട്ടിയാണ്. എസ്.എൻ.ഡി.പി യോഗത്തിലെ നിർധനർക്ക് മൂന്ന് ശതമാനം പലിശക്ക് പണം നൽകാൻ പിന്നാക്ക സമുദായ കോർപറേഷൻ നൽകിയ 15 കോടി വൻ പലിശക്ക് നൽകിയതിനെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ വിജിലൻസ് കേസും അവസാനഘട്ടത്തിലാണ്.
മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലും വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും ഉൾപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ല കോടതിയിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ സ്കീം കേസ് സമൂല മാറ്റത്തിന് നിമിത്തമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. അഡ്വ. എസ്. ചന്ദ്രസേനൻ, അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, രാജീവ് പരിമണം, പരമേശ്വരൻ സജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.