ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ഇത്തവണയും രഞ്ജിത്തിന് കൂവൽ

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് ഇത്തവണയും കൂവൽ. സ്വാഗത പ്രസംഗത്തിന് ക്ഷണിച്ചപ്പോഴാണ് കാണികളുടെ ഇടയിൽ നിന്ന് വലിയ രീതിയിലുള്ള കൂവൽ ഉണ്ടായത്.

കഴിഞ്ഞ വർഷവും സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ ഉണ്ടായിരുന്നു. സിനിമ കാണാൻ സീറ്റ് കിട്ടാത്തവരാണ് കഴിഞ്ഞ വർഷം പ്രതിഷേധിച്ചതെങ്കിൽ ഇത്തവണ ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കാരണമെന്നാണ് വിലയിരുത്തുന്നത്.

സമാപന ചടങ്ങിൽ വിശിഷ്ടാതിഥികൾക്കെല്ലാം നല്ല കയ്യടി ലഭിച്ചപ്പോഴാണ് രഞ്ജിത്തിന് കൂവൽ കിട്ടിയത്. എന്നാൽ കൂവൽ ഗൗനിക്കാതെ തന്നെ രഞ്ജിത്ത് പ്രസംഗം തുടങ്ങി. മേളയുടെ വിജയം അതിന്റെ അണിയറപ്രവർത്തകരുടെ വിജയമാണെന്ന് ചലച്ചിത്ര അക്കാദമിയിലെ ഓരോ അംഗങ്ങളുടെയും പേരെടുത്ത് പരാമർശിച്ച് രഞ്ജിത്ത് പറഞ്ഞു.

അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറിയേയും വേദിയിലേക്ക് ക്ഷണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം.

അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് അക്കാദമിയെ അവഹേളിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തുന്നതെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ ആരോപിച്ചിരുന്നു. ഐ.എഫ്.എഫ്.കെ ചെയര്‍മാന്‍ രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അക്കാദമിയില്‍ ജനാധിപത്യമില്ലെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Protest against director Ranjith at the closing stage of IFFK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.