കണ്ണൂർ: കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂർ എടക്കാട് പ്രദേശവാസികളുടെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നടാലിലാണ് കെ റെയിൽ ഉദ്യോഗസ്ഥർ ഇന്ന് കല്ലിട്ടത്. പൊലീസിന്‍റെ സാന്നിധ്യത്തിൽ നിർദിഷ്ട ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതിന് സമീപമാണ് കെ റെയിലിനായി കല്ല് സ്ഥാപിച്ചത്.
അതേസമയം, കെ റെയിൽ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിൽ തന്നെ ഇട്ട കല്ല നാട്ടുകാർ പിഴുതുമാറ്റി. എടക്കാവ് കല്ലിടുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി.
കല്ല് സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാറിൽ നിന്ന് യാതൊരു മുൻകൂർ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും കല്ലിടാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
കല്ലിടാൻ അനുവദിക്കില്ലെന്നും ഇട്ട കല്ലുകൾ പിഴുതെറിയുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മുഴപ്പിലങ്ങാട് ഇടേണ്ട കല്ലാണ് എടക്കാട് സ്ഥാപിച്ചത്. സർക്കാറിന് കഴിവില്ലാത്തത് കൊണ്ടാണോ ഒളിച്ചുവന്ന് കല്ലിടുന്നതെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.
വ്യാഴാഴ്ച കണ്ണൂർ ചാല അമ്പലത്തിനുസമീപം കല്ലിടാനായി എത്തിയ അധികൃതരെ കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. തുടർന്ന് സർവേ പുനരാരംഭിക്കുകയും കുറ്റി സ്ഥാപിക്കുകയും ചെയ്തു.
വൈകീട്ടോടെ സ്ഥലത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ സർവേ തടഞ്ഞു. സർവേക്കുറ്റികൾ റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പിഴുതുമാറ്റി. ഇതോടെ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.