തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ കേസിൽ പ്രോസിക്യൂട്ടറും പ്രതിഭാഗത്തോടൊപ്പം. ഗവർണറെയും രാഷ്ട്രപതിയെയും ആക്രമിക്കുന്നതിനെതിരായ ഐ.പി.സി 124-ാം വകുപ്പ് ചുമത്തിയതിനെതിരായിരുന്നു ഇരുവരുടെയും വാദം. ‘സർവകലാശാല സെനറ്റിലേക്ക് ഗവർണർ താൽപര്യമുള്ളവരെ നാമനിർദേശം ചെയ്തതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. നിയമനം നടന്ന് ദിവസങ്ങൾക്കുശേഷമാണ് പ്രതിഷേധം. നിയമനം നേരത്തെ കഴിഞ്ഞതിനാൽ പ്രതിഷേധം മാത്രമായേ ഇതിനെ കാണാനാകൂ, മറ്റ് രീതിയിൽ വ്യാഖ്യാനിക്കാനാകില്ല’ എന്നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പള്ളി മനു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) വാദിച്ചത്. ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം കൊടുക്കരുതെന്നുമായിരുന്നു ചൊവ്വാഴ്ചത്തെ വാദം. ചെയ്യാനിരിക്കുന്ന നടപടികൾ തടസ്സം വരുത്തണമെന്ന ഉദ്ദേശത്തോടെ കുറ്റം ചെയ്താലേ ഐ.പി.സി 124 നിലനിൽക്കൂ എന്നാണ് എ.പി.പി ഉന്നയിച്ചത്. ഗവർണറുടെ കാർ കേടുവരുത്തിയത് പൊതുമുതൽ നശിപ്പിക്കലാണ്. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് അദ്ദേഹം വാദിച്ചു.
ഗവർണർക്ക് നേരെയുണ്ടായത് പ്രതിഷേധം മാത്രമാണെന്നും ആക്രമണം നടത്തിയിട്ടില്ലെന്നുമുള്ള ആദ്യദിവസത്തെ വാദം പ്രതിഭാഗം അഭിഭാഷകനും ജില്ല മുൻ പ്രോസിക്യൂട്ടറുമായ എ.എ. ഹക്കിം ബുധനാഴ്ചയും ആവർത്തിച്ചു. ഗവർണർ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോകുകയായിരുന്നെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ല. വിദ്യാർഥികൾ പ്രതിഷേധം നടത്താറുണ്ട്. ഗവർണറുടെ കാറിന് നാശനഷ്ടം ഉണ്ടായെങ്കിൽ തുക കെട്ടിവെക്കാന്‍ തയാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കാശ് കെട്ടിവെച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ പറഞ്ഞു.
ഏഴ് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 124 വകുപ്പ് തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കും. സർക്കാർ ജോലി ലഭിക്കില്ല. ഗവർണറെ തടഞ്ഞത് സ്റ്റേറ്റിനെതിരെയുള്ള കുറ്റകൃത്യമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പി.ഡി.പി.പി വകുപ്പും ചേർത്തു. പ്രതികൾ റിമാൻഡിലാണ്. എന്നാൽ, 124ാം വകുപ്പ് ചുമത്തിയിട്ടും ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം എന്തെന്ന് വിശദീകരിക്കാതെയാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. വാദം പൂർത്തിയായ ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. കേസിലെ ആറാംപ്രതിയും നിയമ വിദ്യാർഥിയുമായ അമൽ ഗഫൂറിന് പരീക്ഷ എഴുതാൻ ചൊവ്വാഴ്ച അനുവദിച്ച ഇടക്കാല ജാമ്യം വ്യാഴാഴ്ച 11 വരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.