മലപ്പുറം: സച്ചാർ-പാലോളി കമ്മിറ്റിയുടെ അടിസ്ഥാനത്തിലുള്ള മുസ്ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ചതിനെതിരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിങ്കളാഴ്ച പഞ്ചായത്തുതലങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു. കമ്മിറ്റി ശിപാർശ പ്രകാരം ആരംഭിച്ച സ്കോളർഷിപ്, കോടതി വിധിയുടെ മറവിൽ ജനസംഖ്യാനുപാതികമായി വീതിക്കാനുള്ള സർക്കാർ തീരുമാനം സാമൂഹിക നീതി അട്ടിമറിക്കലാണ്. പദ്ധതി ആരംഭിച്ച ശേഷം ബജറ്റ് വിഹിതം ഏറ്റവും കുറച്ച് അനുവദിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള എണ്ണം നിലനിർത്തുമെന്ന സർക്കാർ വാദം കണ്ണിൽപൊടിയിടലാണ്. മുസ്ലിം വിഭാഗത്തിന് മാത്രമല്ല ലത്തീൻ ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും വിഹിതത്തിൽ കുറവ് സംഭവിക്കും.
ആർക്കും ഒന്നും നഷ്ടമാകില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തട്ടിപ്പാണ്. ഒറ്റക്കും സമാനമനസ്കരെയും അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് രൂപംനൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, ൈവസ് പ്രസിഡൻറ് മുനീബ് കാരക്കുന്ന് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.