തി​രു​വ​ന​ന്ത​പു​രം മേ​യ​റു​ടെ പി​ൻ​വാ​തി​ൽ നി​യ​മ​ന ശ്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു​വി​നെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ ത​ട​ഞ്ഞു​വെ​ച്ച​പ്പോ​ൾ

(ചി​ത്രം: ബി​മ​ൽ ത​മ്പി)

തി​രു​വ​ന​ന്ത​പു​രം: ഇടതുമുന്നണി ഭരിക്കുന്ന തിരു​വനന്തപുരം കോർപറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക്​ സി.പി.എമ്മുകാരെ തിരുകിക്കയറ്റാൻ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തുനൽകിയ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണ മെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ കോർപറേഷൻ ആസ്ഥാനം സംഘർഷഭരിതമായി.

യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരും യൂത്ത് കോൺഗ്രസും ഉൾപ്പെടെ പ്രതിഷേധിച്ചതോടെ മണിക്കൂറുകൾ നീണ്ട സംഘർഷാന്തരീക്ഷത്തിനാണ് കോർപറേഷൻ പരിസരം വേദിയായത്.

ആദ്യം പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറി. ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടയിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ തടഞ്ഞുവെച്ചു.

പ്രതിഷേധക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റതായി ആരോപിച്ച് ഡെപ്യൂട്ടി മേയർ ആശുപത്രിയിൽ ചികിത്സതേടി. പൊലീസിന്റെ ഇടപെടലിലാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്. സംഭവത്തിൽ എസ്​.ഡി.പി.ഐയും പ്രതിഷേധ പ്രകടനം നടത്തി. മേയർ രാജിവെക്കുന്നതുവരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന്​ യു.ഡി.എഫും ബി.ജെ.പിയും അറിയിച്ചു.

കോർപറേഷൻ ഓഫിസിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ സത്യഗ്രഹം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.

പി.എസ്‌.‌സിയെയും എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ചിനെയും നോക്കുകുത്തിയാക്കി മേയറും സി.പി.എം ജില്ല സെക്രട്ടറിയും ചേർന്ന് നടത്തുന്ന നിയമന മാഫിയ സമൂഹത്തിന് നാണക്കേടായെന്ന്​ അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി.എസ്. ശിവകുമാർ, എം. വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്. ബാബു, ജി. സുബോധൻ, വി. പ്രതാപചന്ദ്രൻ, യു.ഡി.എഫ് ജില്ല ചെയർമാന‍് പി.കെ. വേണുഗോപാൽതുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ വനജ രാജേന്ദ്രബാബു, സി. ഓമന, സതികുമാരി, സെറാഫിൻ ഫ്രെഡി, മിലാനി പെരേര എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി പാർലമെന്ററി പാർ‍ട്ടി ലീ‍ഡർ എം.ആർ. ഗോപന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ ഓഫിസ് ഉപരോധിച്ചു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മേയർ രാജിവെക്കണമെന്ന്​ ബി.ജെ.പി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയറുടെ ഓഫിസിന് മുന്നിൽ കൗൺസിലർമാർ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു.

ഉപരോധം തുടർന്നതോടെ കൗൺസിലർമാരെയും മറ്റു ബി.ജെ.പി പ്രവർത്തകരെയും പൊലീസ്​ അറസ്റ്റ് ചെയ്തുനീക്കി. എം.ആർ. ഗോപൻ, പി. അശോക് കുമാർ, സിമി ജ്യോതിഷ്, എസ്. പത്മ, തിരുമല അനിൽ, ഡി.ജി. കുമാരൻ, കരമന അജിത് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കൗൺസിലർ കരമന അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags:    
News Summary - protest over alleged letter of trivandrum mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.