തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ സർക്കാറിന് വരുമാനനഷ്ടമുണ്ടാക്കിയ ജീവനക്കാരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിന്‍റെ ഓഡിറ്റ് മാന്വൽ പ്രസിദ്ധീകരിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ആധാരം രജിസ്റ്റർ ചെയ്ത് 10 വർഷത്തിനകവും രജിസ്‌ട്രേഷൻ ഫീസ് മൂന്നു വർഷത്തിനകവും മേൽ നിയമഭേദഗതിയിലൂടെ ഈടാക്കാനാകും.
രജിസ്‌ട്രേഷൻ വകുപ്പ് ആദ്യമായാണ് വകുപ്പ് ആഭ്യന്തര ഓഡിറ്റ് മാന്വൽ പ്രസിദ്ധീകരിക്കുന്നത്. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാറിനുണ്ടാകുന്ന റവന്യൂ നഷ്ടം ബന്ധപ്പെട്ട കക്ഷികളിൽനിന്നും ഈടാക്കുന്നത് സംബന്ധിച്ച് രജിസ്‌ട്രേഷൻ ആക്ടിലും കേരള മുദ്രപ്പത്ര ആക്ടിലും വരുത്തിയ ഭേദഗതി അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഓഡിറ്റ് മാന്വലിൽ വിശദമാക്കുന്നുണ്ട്.
ഓഡിറ്റ് നടപടികൾ വ്യവസ്ഥാനുസൃതമായി കൂടുതൽ സുതാര്യമാക്കാനും റവന്യൂ നഷ്ടം ഈടാക്കുന്നതിനും വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും ഓഡിറ്റ് മാന്വൽ ഗുണകരമാകുമെന്ന് രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ. ഇമ്പശേഖർ അറിയിച്ചു.
സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫിസുകളിലെയും ഓഡിറ്റ് റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനും മാന്വൽ ജീവനക്കാർക്ക് മാർഗനിർദേശമാകും. വകുപ്പിലെ ഓഡിറ്റ് ഓൺലൈൻ മുഖേന നടത്തുന്നതിനുള്ള നടപടികൾ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.