തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് നിർദേശിച്ചത്.
നിലവിലെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപാലന്റെ കാലാവധി നവംബറിലാണ് അവസാനിക്കുക. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹിയും യു.ഡി.എഫ് ഭരണകാലത്ത് യുവജന വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു പ്രശാന്ത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ പ്രബലനായ യുവനേതാവും ഉമ്മന്‍ചാണ്ടിയുടൈ അടുത്തയാളുമായിരുന്നു പ്രശാന്ത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനോട് പരാജയപ്പെട്ടു. തന്റെ തോൽവിക്ക് പിന്നിൽ ഡി.സി.സി അധ്യക്ഷൻ പാലോട് രവിയാണെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കോൺഗ്രസിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നാരോപിച്ച് സി.പി.എമ്മിൽ ചേരുകയായിരുന്നു. പിന്നീട് സി.പി.എം കർഷക സംഘം ജില്ല വൈസ് പ്രസിഡന്റായി നിയമിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന എ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലയൊണ് തിരുവനന്തപുരം ജില്ലയിലെ പ്രമുഖ നേതാവായ പ്രശാന്തും പാര്‍ട്ടി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.