കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ല കുട്ടിയോട് എന്തിനാണ് ചിലർ അയിത്തം കൽപിക്കുന്നതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. അബ്ദുല്ലക്കുട്ടിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഹാരം നൽകേണ്ടിയിരുന്ന മേയർ ബീന ഫിലിപ്പ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കാത്തത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.
രാഷ്ട്രീയദൃഷ്ടിയോടെയാണോ ഹജ്ജ് കമ്മിറ്റി ചെയർമാനെ സ്വീകരിക്കേണ്ടതെന്ന് ഗോവ ഗവർണർ ചോദിച്ചു. പണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ശിവഗിരിയിൽ വന്നപ്പോൾ വേദി പങ്കിടില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങ് ബഹിഷ്കരിച്ചു. ഇപ്പോൾ പ്രധാനമന്ത്രിയായ മോദിയെ കാണാൻ ഇവർ കാത്തിരിക്കുകയാണ്. ഗുജറാത്ത് മോഡലിനെ പ്രകീർത്തിച്ചതിന് അബ്ദുല്ലക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവർ ഇപ്പോൾ ഗുജറാത്തിനെ പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കുകയാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
മേയറെപ്പോലുള്ളവർ ചടങ്ങിൽ വിട്ടുനിന്നതിൽ വിഷമമില്ലെന്ന് മറുപടി പ്രസംഗത്തിൽ അബ്ദുല്ലക്കുട്ടി പറഞ്ഞു. കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വീണ്ടും യാഥാർഥ്യമാക്കാൻ മുന്നിൽനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഷിപ്പിങ്, ടൂറിസം മന്ത്രി ശ്രീപദ് യശോ നായിക് മുഖ്യാതിഥിയായി. ഡോ. എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ പി. ഗോപാലൻ കുട്ടി, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസി, മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രഫ. എ.കെ അബ്ദുൽ ഹമീദ്, അലി മണിക് ഫാൻ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവൻ, പി.ടി. ജോർജ്, പി.വി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.