തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷക്രമക്കേട് കേസിൽ കഴിഞ്ഞദിവസം കീഴടങ്ങിയ പൊലീസുകാരൻ ഗോകുൽ കുറ്റം സമ്മതിച്ചു. പരീക്ഷയിൽ റാങ്ക്പട്ടികയിൽ ഇടം നേടിയ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്ക് എസ്.എം.എസ് മുഖേന ഉത്തരങ്ങൾ ലഭ്യമാക്കിയെന്ന് ഇയാൾ മൊഴിനൽകിയെന്നാണ് വിവരം. ബന്ധു നടത്തുന്ന കോച്ചിങ്സെൻറർ കേന്ദ്രീകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തതത്രെ. എന്നാൽ ഉത്തരക്കടലാസ് എങ്ങനെ ലഭിെച്ചന്ന കാര്യത്തിൽ കൂടുതൽ ചോദ്യംചെയ്യലിലേ വ്യക്തത ലഭിക്കൂവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. കോടതിയിൽ കീഴടങ്ങിയ ഗോകുലിനെ കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുകയാണ്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നു
തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷക്രമക്കേടിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. അതിെൻറ ഭാഗമായി പരീക്ഷകേന്ദ്രങ്ങളിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. പി.എസ്.സി ജീവനക്കാരിൽ സംശയമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും. അറസ്റ്റിലായ ശിവരഞ്ജിത്ത്, നസീം എന്നിവരിൽനിന്ന് തെളിവെടുക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഇരു പ്രതികളെയും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നും 28ഉം രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതിയത്. ഇവിടങ്ങളിൽ ഇൻവിജിലേറ്റർമാരായിരുന്ന ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്തത്. ഉദ്യോഗാർഥികളുടെ മൊബൈല്‍ ഫോണുകള്‍ പരീക്ഷകേന്ദ്രത്തിനുള്ളിലേക്ക് കടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
പ്രതികള്‍ സ്മാർട്ട് വാച്ചുകള്‍ കെട്ടിയിരുന്നോ എന്ന കാര്യം ഓർമയില്ലെന്നും അവർ മൊഴിനൽകി. സ്മാർട്ട് വാച്ച് ഉപയോഗിച്ച് പരീക്ഷതട്ടിപ്പ് നടത്തിയെന്നാണ് ശിവരഞ്ജിത്തും നസീമും നൽകിയ മൊഴി. എന്നാല്‍, ചോദ്യപേപ്പര്‍ എങ്ങനെ പുറത്തെത്തിച്ചു എന്നതില്‍ വ്യക്തത വന്നിട്ടില്ല. തട്ടിപ്പിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇന്‍വിജിലേറ്റര്‍മാര്‍ പറഞ്ഞത്. എന്നാല്‍, ക്രൈംബ്രാഞ്ച് ഇത് മുഖവിലക്കെടുത്തിട്ടില്ല. പരീക്ഷയെഴുതിയവര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിക്കാനാണ് ഒരു സാധ്യത. പരീക്ഷകേന്ദ്രത്തില്‍ ഡ്യൂട്ടിയുള്ളവരുടെ സഹായം ഇതിനു ലഭിച്ചിരിക്കാം. പരീക്ഷക്ക് ഹാജരാകാത്തവരുടെ ചോദ്യപേപ്പര്‍ ശേഖരിക്കുന്നത് ക്ലാസ് ഫോര്‍ ജീവനക്കാരാണ്. പി.എസ്.സിക്ക് കൈമാറുംമുമ്പ് ഇവരിലൂടെ ചോദ്യപേപ്പര്‍ പുറത്തെത്താൻ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
പരീക്ഷചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പി.എസ്.സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് കൈമാറി. ഇവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നാണ് വിവരം. പരീക്ഷക്ക് മുമ്പ് ചോദ്യം ചോരാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവ. യു.പി സ്കൂളിലും പ്രണവ് ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിലും നസീം തൈക്കാട് ഗവ. ടീച്ചര്‍ എജുക്കേഷന്‍ കോളജിലുമാണ് പരീക്ഷയെഴുതിയത്. മൂന്ന് ഉദ്യോഗാര്‍ഥികളും കാസർകോട് ജില്ലയില്‍ അപേക്ഷ നല്കി തിരുവനന്തപുരം ജില്ല സെൻറര്‍ ഓപ്ഷന് െതരഞ്ഞെടുക്കുകയായിരുന്നു. ഇവിടങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പി.എസ്.സി നടപടി പ്രതികൾക്ക് രക്ഷയായി –ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്രമക്കേടിൽ പി.എസ്.സിയുടെ നടപടികളും പ്രതികള്‍ക്ക് രക്ഷപ്പെടാൻ സഹായകമായെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്. പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതും പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടതും പി.എസ്.സിയാണ്. ഇത് പ്രതികൾക്ക് ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സഹായകമായെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്.
ക്രമക്കേടിനായി ഉപയോഗിച്ച മൊബൈൽഫോണുകൾ ഉൾപ്പെടെ പ്രതികൾ നശിപ്പിച്ചത് ഇതിനെത്തുടർന്നാണ്. അത് തുടരന്വേഷണത്തെ പോലും ബാധിച്ച അവസ്ഥയിലാണ്. യൂനിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതിയാണ് ക്രമക്കേട് നടന്ന പരീക്ഷയിലെ രണ്ടാം റാങ്കുകാരനായ പ്രണവ്. പൊലീസ് ലുക്കൗട്ട് നോട്ടീസിൽ ഉള്‍പ്പെട്ട പ്രതിയെ പി.എസ്.സി വിജിലൻസ് വിളിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഈ പ്രതിയെ പൊലീസിന് കൈമാറാതിരുന്നത് വീഴ്ചയാണ്.
പി.എസ്.സിക്ക് മൊഴിനൽകിയതിന് പിന്നാലെയാണ് മുഖ്യസൂത്രധാരനായ പ്രണവ് ഒളിവിൽ പോകുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷതട്ടിപ്പില് പി.എസ്.സി ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. അതിനിടെ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ കേസിലെ അഞ്ചാംപ്രതിയായ പൊലീസുകാരൻ ഗോകുലിനെ ക്രൈംബ്രാഞ്ച് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
ഇയാളുമായി ബുധനാഴ്ച തെളിവെടുപ്പ് നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.