പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം പി.എസ്.സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്.

ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

എന്തുകൊണ്ടാണ് ഇത് സംബന്ധിച്ച് ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്യാത്തത്? എന്താണ് വാദിയേയും ആരോപണവിധേയനെയും പൊലീസ് ചോദ്യം ചെയ്യാത്തത്? ലക്ഷോപലക്ഷം ചെറുപ്പക്കാരുടെ അത്താണിയാണ് പിഎസ്സി. ആ ഭരണഘടനാ സ്ഥാപനത്തിലെ മെമ്പറാക്കാമെന്ന് പറഞ്ഞാണ് കോഴ വാങ്ങിയത്. പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള സംവിധാനം പി.എസ്.സിയിലുണ്ടെന്ന് നേരത്തെ തന്നെ ബോധ്യമായതാണ്.

കേരളത്തിൽ 21 പി.എസ്.സി മെമ്പർമാരാണുള്ളത്. ഇതിന്റെ എട്ട് ഇരട്ടി ജനങ്ങളുള്ള യു.പിയിൽ ഇത് ഒമ്പതാണ്. പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മുഴുവൻ പിഎസ്.സി നിയമനങ്ങളും അന്വേഷിക്കണം. മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടേയും വിശ്വസ്തനായ ആളാണ് പ്രമോദ് കോട്ടൂളി. വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും കള്ളപ്പണ ഇടപാടുകളും നടത്തുന്നയാളാണ് ഇയാൾ. പരാതിക്കാരന്റെ വീട്ടിൽ സത്യാഗ്രഹം ഇരുന്ന് ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്യുന്നത്.

എളമരം കരീന്റെയും പി.മോഹനന്റെയും സ്വന്തം ആളാണ് പ്രമോദ്. നേരത്തെ തന്നെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തക്കാരനായിരുന്നു. ഗുരുതരമായ കേസാണിത്. ഇതിൽ കള്ളപ്പണ ഇടപാട് നടന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ നിയമപരമായി നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി നൽകും. ഗവർണറെയും സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - PSC Corruption: Police should take a case and investigate. K.Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.