തിരുവനന്തപുരം: ഒരേ യോഗ്യതയുള്ള ഒേട്ടറെ തസ്തികകളിൽ പി.എസ്.സിക്ക് ഇനി ഒറ്റപ്പരീക്ഷ. വിജ്ഞാപനത്തിന് മുന്നോടിയായി സമാന യോഗ്യതകളുള്ള തസ്തികകളുടെ ഏഴ് ഗ്രൂപ്പുകൾ പി.എസ്.സി തയാറാക്കി. തസ്തികകളുടെ പേരും നിയമന രീതിയുമുള്ള ഉപസമിതി റിപ്പോർട്ട് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
ഏഴാം ക്ലാസ്, 10ാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതകൾ കണക്കാക്കിയാണ് ഗ്രൂപ് തയാറാക്കിയത്. കമ്പനി, കോർപറേഷൻ, സർവകലാശാല തുടങ്ങിയിടങ്ങളിലെ ഏഴാം ക്ലാസ് യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ഇനി ഒറ്റപ്പരീക്ഷയാണ് നടത്തുക.
10ാം ക്ലാസ് യോഗ്യതയുള്ള കമ്പ്യൂട്ടർ അസിസ്റ്റൻറ്/ തത്തുല്യ നിയമനത്തിനും ഇങ്ങനെ ഒറ്റ പരീക്ഷയാണുണ്ടാവുക. ഡിഗ്രി യോഗ്യതയുള്ള സെക്രേട്ടറിയറ്റ് അസിസ്റ്റൻറ്, സർവകലാശാല അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിലും ഒന്നിച്ച് പരീക്ഷ നടത്തും. ഡിഗ്രി യോഗ്യതയാണെങ്കിലും മുനിസിപ്പൽ സെക്രട്ടറി, ബ്ലോക്ക് ഡെവലപ്മെൻറ് ഒാഫിസർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ വിഭാഗങ്ങൾ വേറെ ഗ്രൂപ്പായി പരിഗണിച്ചാണ് പരീക്ഷ നടത്തുക. സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലും പ്ലസ് ടു യോഗ്യതയുള്ള പൊലീസ്, ഫയർമാൻ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ തുടങ്ങിയ തസ്തികകളിലും വിവിധ സ്ഥാപനങ്ങളിലെ നഴ്സ് നിയമനങ്ങളും പ്രത്യേകം ഗ്രൂപ്പാക്കി തിരിച്ച് പരീക്ഷ നടത്തും.
ഉദ്യോഗാർഥി പല പരീക്ഷകൾക്കും പ്രത്യേകം അപേക്ഷിച്ച് പരീക്ഷയെഴുതുന്ന സ്ഥിതി ഒഴിവാക്കാനും പി.എസ്.സിയുെട സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ഇത് ഉപകരിക്കും. വിവിധ തസ്തികകളിലേക്ക് ഒന്നിച്ചാണ് പരീക്ഷയെങ്കിലും കൂടിക്കാഴ്ച, റാങ്ക്ലിസ്റ്റ് എന്നിവ പ്രത്യേകമുണ്ടാകും.
കേന്ദ്ര സർക്കാറിനു കീഴിലെ സ്റ്റാഫ് സെലക്ഷൻ കമീഷൻ മാതൃകയിലാണ് പരീക്ഷ പരിഷ്കാരം. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കായി തസ്തികയുടെ സ്വഭാവത്തിന് അനുസരിച്ച് രണ്ടാം ഘട്ട പരീക്ഷ നടത്തും. ഇൗവർഷം തന്നെ പുതിയ രീതിയിൽ വിജ്ഞാപനമിറക്കുകയാണ് പി.എസ്.സിയുടെ ലക്ഷ്യം.
വിജ്ഞാപനം, പരീക്ഷ കലണ്ടർ, ഇൻറർവ്യൂ പട്ടിക, ചുരുക്കപ്പട്ടിക തുടങ്ങിയ വിവരങ്ങൾ ഫേസ്ബുക്കിൽ ലഭിക്കും
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷെൻറ മുഴുവൻ വിവരങ്ങളും ഇനി ഫേസ്ബുക്കിലും. പുതിയ നിയമനങ്ങൾക്കുള്ള വിജ്ഞാപനം, പരീക്ഷ കലണ്ടർ, ഇൻറർവ്യൂ പട്ടിക, ചുരുക്കപ്പട്ടിക, റാങ്ക് പട്ടികകൾ തുടങ്ങി വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഫേസ്ബുക്ക് പേജ് പുതുവത്സര ദിനത്തിൽ തുടങ്ങി. https://www.facebook.com/Kerala-Public-Service-Commission-129299757758575/ എന്ന ലിങ്കിൽ പേജ് ലഭ്യമാവും. പി.എസ്.സിയുടെ വജ്രജൂബിലി വർഷാചരണത്തിെൻറ ഭാഗമായി ഉദ്യോഗാർഥി സൗഹൃദമാകുന്നതിെൻറ ഭാഗമായാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങിയത്.
പേജ് പിന്തുടരുന്നതോടെ പി.എസ്.സിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോ, ചിത്രങ്ങൾ, വാർത്തകൾ തുടങ്ങിയവ നോട്ടിഫിക്കേഷനായി തൽസമയം ലഭിക്കും. ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി മണിക്കൂറിനകം ആയിരത്തിലേറെ പേർ പേജിെൻറ ഭാഗമായി. ഒൗദ്യോഗിക വെബ്സൈറ്റ് തുറക്കാതെ ഉദ്യോഗാർഥികൾക്ക് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പി.എസ്.സി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പേജിെൻറ ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.സി അംഗങ്ങൾ, പരീക്ഷ കൺേട്രാളർ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. വിജ്ഞാപനം, പരീക്ഷ കലണ്ടർ, ഇൻറർവ്യൂ പട്ടിക, ചുരുക്കപ്പട്ടിക തുടങ്ങിയ വിവരങ്ങൾ ഫേസ്ബുക്കിൽ ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.