കൊല്ലം: റാങ്ക് ലിസ്റ്റ് പ്രകാരം പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഒഴിവില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര മറുപടി.
പത്തനംതിട്ട ജില്ലയിലെ സംസ്കൃത അധ്യാപക തസ്തികയിൽ വന്ന നാല് ഒഴിവിലേക്ക് നിയമന ഉത്തരവ് പ്രതീക്ഷിച്ചവർക്കാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിരാകരണ മറുപടി ലഭിച്ചത്.
കൊല്ലം എഴുകോൺ സ്വദേശിയടക്കം സംസ്ഥാനത്തെ വിവിധ മേഖലകളിൽനിന്നുള്ള അഭ്യസ്തവിദ്യരായ യുവതികളാണ് സർക്കാർ ജോലി കൈയെത്തുംദൂരെ നഷ്ടമാകുന്ന അവസ്ഥയിലായത്. രണ്ടാഴ്ചക്കകം നിയമനം ലഭിച്ചില്ലെങ്കിൽ ഇവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.
പി.എസ്.സിയിൽനിന്ന് കഴിഞ്ഞ ജനുവരി 27നാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. ഇവരിലൊരാൾ ഭിന്നശേഷിക്കാരിയുമാണ്. നിയമന ഉത്തരവ് കാത്തിരുന്നവർക്ക് മൂന്നുമാസം കഴിഞ്ഞിട്ടും ലഭിക്കാതിരുന്നതോടെ പത്തനംതിട്ട ഡി.ഡി ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് ഇപ്പോൾ ഒഴിവില്ലെന്നും പി.എസ്.സിക്ക് വിവരം കൈമാറാൻ വൈകിയതുകൊണ്ടാണ് അഡ്വൈസ് മെമ്മോ ലഭിച്ചതെന്നും മറുപടി ലഭിച്ചത്. തുടർന്ന് പി.എസ്.സിയെ സമീപിച്ചപ്പോൾ പത്തനംതിട്ട ഡി.ഡി ഓഫിസിന്റേത് ഭരണഘടനവിരുദ്ധ നിലപാടാണെന്ന വിശദീകരണമാണ് ലഭിച്ചത്.
പത്തനംതിട്ടയിൽ തസ്തികയില്ലെങ്കിൽ മറ്റെവിടേക്കെങ്കിലും മാറ്റിനൽകണമെന്ന അഭ്യർഥനയിലും വിദ്യാഭ്യാസ വകുപ്പ് മൗനംപാലിക്കുകയാണ്. കാലതാമസം സൃഷ്ടിക്കുമെന്നതിനാലാണ് കേസിന് പോകാത്തതെന്ന് പറയുന്ന ഉദ്യോഗാർഥികൾ ഡി.ഡി ഓഫിസിനുമുന്നിൽ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ്.
അതേസമയം, നാല് ഒഴിവുകൾ ഉണ്ടായിരുന്നപ്പോൾ അത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെന്നും ഒരു സ്കൂളിൽ വിദ്യാർഥികളില്ലാതെ തസ്തിക നഷ്ടമായത് സ്കൂൾ അധികൃതർ അറിയിക്കാൻ വൈകിയതിനാൽ യഥാസമയം പി.എസ്.സിയെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡി.ഡി ഓഫിസ് സൂപ്രണ്ട് രാജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ലിസ്റ്റിൽ ഒരാളെ ഒഴിവാക്കി നിയമനം സാധ്യമല്ല. തൽക്കാലം ഇവരെ ജോലിക്കെടുത്തശേഷം തസ്തിക ഇല്ലാതായതിന്റെ പേരിൽ ഒരാളെ പിരിച്ചുവിട്ടാൽ അത് ദ്രോഹമാകും. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.