പി.എസ്​.സി റാങ്ക്​ പട്ടിക ചുരുക്കും, ഒഴിവിന്​ ആനുപാതികമായി​ മാത്രം ലിസ്റ്റ്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്​.സി റാങ്ക്​ പട്ടിക തയാറാക്കുന്ന രീതിയിൽ മാറ്റം കൊണ്ടുവരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്​. ഇക്കാര്യം പരിഗണിച്ചുകൊണ്ട് ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുന്ന കാര്യമാണ്​ പരിഗണനയിലുള്ളത്​. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച്. സലാമിന്‍റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിലവിലെ വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റുകള്‍ തയാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍നിന്നും പി.എസ്‌.സി നിയമന ശുപാര്‍ശകള്‍ നല്‍കിവരുന്നത്.

ഈ സാഹചര്യത്തില്‍ പട്ടികയിൽ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിർദേശം നല്‍കി വരുന്നുണ്ട്.

പി.എസ്‌.സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്താൻ അനുവദനീയമായ തസ്തികകള്‍ തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എവിടെയൊക്കെ, എപ്പോഴെല്ലാം ഒഴിവ്​ വരുമെന്ന്​ ഇതിൽനിന്ന്​ മനസ്സിലാക്കാൻ ഉദ്യോഗാർഥികൾക്ക്​ സാധിക്കും. കൂടാതെ ഒഴിവകുൾ റിപ്പോർട്ട്​ ചെയ്യാതെ പോകുന്നതിന്​ തടയിടാൻ കഴിയുമെന്നും സർക്കാർ കരുതുന്നു..

Tags:    
News Summary - PSC rank list will be shortened, list only on vacancy - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.