ക്ഷീണം മാറിയ പി.ടി -7ന് ശൗര്യം; കൂട് പൊളിക്കാൻ ശ്രമം

പാലക്കാട്: മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ധോണി (പി.ടി -7) കൂട് തകർക്കാൻ ശ്രമിച്ചു. കൂട് ബലപ്പെടുത്തുന്ന രണ്ട് തൂണുകളാണ് കൊമ്പുകൊണ്ട് ഇടിച്ചു തകർത്തത്. കൂടുതല്‍ ഭാഗം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തടയുകയായിരുന്നു. തകര്‍ത്ത രണ്ട് തൂണുകൾ മാറ്റിസ്ഥാപിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പിടികൂടിയ കാട്ടുകൊമ്പന് മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്നു. മദപ്പാടിനുള്ള ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശാന്തനായ ആന ബുധനാഴ്ച വീണ്ടും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം, കൂട്ടിലടക്കുന്ന ആനകള്‍ ചെറിയ പരാക്രമം കാണിക്കുക പതിവാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ കൂട് പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. പരാക്രമം പൂർണമായി അവസാനിച്ചാല്‍ പരിശീലനം നല്‍കാന്‍ തുടങ്ങും. ധോണിയെ മെരുക്കുന്നതിന് പറമ്പിക്കുളം സ്വദേശികളായ മണികണ്ഠനെയും മാധവനെയും മുത്തങ്ങയില്‍നിന്ന് ചന്ദ്രനെയും ഗോപാലനെയും പാപ്പാന്മാരായി നിയമിച്ചിട്ടുണ്ട്.

ഇവര്‍ ആനയുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പാപ്പാന്മാര്‍ നല്‍കുന്ന ഭക്ഷണം ആന കഴിച്ചുതുടങ്ങി. മണികണ്ഠനും മാധവനും ചെറുപ്പം മുതലേ കാട്ടാനകളെ കണ്ട് വളർന്നവരും ആന പരിശീലന മുറകൾ പഠിച്ചവ

രുമാണ്. ഭാഷ തമിഴാണെങ്കിലും ആനക്ക് നല്ല ശീലങ്ങൾ പഠിപ്പിക്കാൻ വിദഗ്ധരാണിവർ. നിലവിൽ കാട്ടിൽനിന്ന് കൊണ്ടുവന്ന പുല്ലും ചപ്പും വെള്ളവുമാണ് ഭക്ഷണമായി നൽകുന്നത്. പ്രതിദിനം 150 കിലോഗ്രാം തീറ്റയാണ് വേണ്ടത്. പുല്ല് ധോണി വനമേഖലയിൽ സുലഭമാണ്. ആവശ്യാനുസരണം മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - PT-7 Attempt to demolish the nest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.