വടകര: രാജ്യം കണ്ട ഏറ്റവും മികച്ച അത്ലറ്റിക്സ് പരിശീലകനും പി.ടി. ഉഷയെ മികവിലേക്കുയർത്തിയ പ്രതിഭയും പത്മശ്രീ ജേതാവുമായ ഒ.എം. നമ്പ്യാർ (മാധവൻ നമ്പ്യാർ, 89) അന്തരിച്ചു. മണിയൂരിലെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 11ന് വീട്ടുവളപ്പിൽ. വടകര മണിയൂർ മീനത്തുകരയിലെ മണിയോത്ത് വീട്ടിൽ 1932 ഫെബ്രുവരി 16നായിരുന്നു ജനനം. ചെറുപ്പംമുതലേ ഓട്ടമത്സരങ്ങളിൽ പെങ്കടുത്തിരുന്ന ഒ.എം. നമ്പ്യാർ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലാണ് പഠിച്ചിരുന്നത്. പിന്നീട് വ്യോമസേനയിൽ ചേർന്നു. േസനയിൽ അത്ലറ്റിക്സിൽ നിരവധി മെഡലുകൾ നേടി. പിന്നീട് പട്യാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവിസസിെൻറ കോച്ചായി.
കേണൽ ഗോദവർമ രാജയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിൽ തിരിച്ചെത്തി കേരള സ്പോർട്സ് കൗൺസിലിെൻറ കോച്ചായി. കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ അധ്യാപകനായി. 1970ൽ വിദ്യാർഥിനിയായിരുന്ന പി.ടി. ഉഷയെ പരിശീലിപ്പിച്ചു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92 വർഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യൻ മീറ്റിലും ഏഷ്യൻ ഗെയിംസിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ കോച്ച്. 1986ൽ ആദ്യമായി മികച്ച പരിശീലകർക്ക് ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയപ്പോൾ രാജ്യം പരിഗണിച്ചത് നമ്പ്യാരെയായിരുന്നു. ഈവർഷം പത്മശ്രീ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.
പി.ടി. ഉഷയടക്കം മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിച്ചു. ഭാര്യ: ലീല. മക്കൾ: മുരളീധരൻ(റെയിൽവേ, കണ്ണൂർ), സുരേഷ്‌ബാബു (ബിസിനസ്), ദിനേശ് (ക്ലർക്ക്, സായ് തിരുവനന്തപുരം), ബിന്ദു. മരുമക്കൾ: തുളസീദാസ്, ഹസിനി, മായ, ശ്രീലത. സഹോദരങ്ങൾ: കമലാക്ഷിയമ്മ, പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, രാമചന്ദ്രൻ നമ്പ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.