കൊച്ചി: വിദ്യാർഥികളിലടക്കം പൊതുസമൂഹത്തിൽ ലഹരി വ്യാപകമാകുന്നതിനെതിരെ നടപടി ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.
കേരള നദ്വത്തുൽ മുജാഹിദീന്റെ യുവജന വിഭാഗമായ ഐ.എസ്.എം സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേന്ദ്ര നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും സംസ്ഥാന സർക്കാറിന്റെയും വിശദീകരണം തേടിയത്.
അധികൃതരുടെ കണ്ണുവെട്ടിച്ച് ലഹരി വിളമ്പുന്ന ഡി.ജെ പാർട്ടികളും കൂട്ടായ്മകളും പലയിടങ്ങളിലും നടക്കുന്നതായി ഹരജിയിൽ പറയുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ കൊലപാതകങ്ങളിലേക്കുവരെ നയിക്കുന്നു. വിദ്യാർഥികളിൽ ലഹരി ഉപയോഗവും വിപണനവും വ്യാപകമാവുന്നത് രക്ഷിതാക്കളും പൊതുസമൂഹവും ഭീതിയോടെയാണ് കാണുന്നത്.
ലഹരിസംഘങ്ങളുടെ ഒളിസങ്കേതങ്ങളായി വിദ്യാർഥി സമൂഹം മാറുന്നതായി എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളടക്കം നടത്തിയ സർവേകളുടെ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണ്. ലഹരി ഉപയോഗിക്കുന്നവർ വീടുകളിലുണ്ടാക്കുന്ന ഭീതിതമായ അവസ്ഥയും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ലഹരി വ്യാപനവും ഉപയോഗവും തടയുന്നതിലും സ്രോതസ്സുകൾ കണ്ടെത്തി നടപടിയെടുക്കുന്നതിലും സർക്കാർ പരാജയപ്പെടുന്നതായും ഹരജിയിൽ പറയുന്നു. സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എക്സൈസ് കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. കെ.എസ്. മുഹമ്മദ് ദാനിഷ് മുഖേന ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.