എട്ട് വയസ്സുകാരിക്ക് പരസ്യ വിചാരണ: 50,000 രൂപ നഷ്ടപരിഹാരം നൽകാമെന്ന് പൊലീസ് ഉദ്യോഗസ്ഥ ഹൈകോടതിയിൽ

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പരസ്യ വിചാരണക്കിരയാക്കിയ എട്ടു വയസ്സുകാരിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ തയാറെന്ന് ആരോപണവിധേയയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ. ഇതിനായി പിതാവിന്‍റെ അക്കൗണ്ട് നമ്പർ ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥ ഹൈകോടതിയെ അറിയിച്ചു. എട്ടു വയസ്സുകാരിക്കും പിതാവിനും ഒന്നര ലക്ഷം നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ നിലപാട് അറിയിച്ചത്. എന്നാൽ, കോടതി നിർദേശിച്ച നഷ്ടപരിഹാര തുകയിൽ ഇളവ് വരുത്താൻ തയാറല്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. ഇതേ തുടർന്ന് ഹരജി വിശദ വാദത്തിനായി സെപ്റ്റംബർ അവസാന വാരം പരിഗണിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.

മൊബൈൽ ഫോൺ കാണാതെ പോയതിനെ തുടർന്ന് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ നടപടിക്ക് സർക്കാറിന് മേൽ നഷ്ടപരിഹാര ബാധ്യത ചുമത്തിയത് ന്യായമല്ലെന്നും വിധി നിയമപരമായി നിലനിൽക്കില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. 2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജങ്ഷനിൽ എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. നഷ്ടപരിഹാരവും കോടതി ചെലവും സർക്കാർ നൽകിയശേഷം ഉദ്യോഗസ്ഥയിൽനിന്ന് തിരിച്ചുപിടിക്കാനുള്ള ഉത്തരവാണ് ഡിസംബർ 22ന് സിംഗിൾബെഞ്ചിൽ നിന്നുണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം കുറക്കാനുള്ള ആവശ്യം ഉദ്യോഗസ്ഥ ഉന്നയിച്ചത്.

Tags:    
News Summary - Public trial for eight-year-old girl: Police officer in High Court to pay Rs 50,000 compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.