കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഹരജി. 2010 ജനുവരി 28ന് ലക്ഷ്വറി ഓഡി കാർ നോട്ടറിയുടെ വ്യാജ രേഖ ചമച്ച് തയാറാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണെന്ന് ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഹരജി.
കേസ് റദ്ദാക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം തള്ളി 2024 ഏപ്രിൽ അഞ്ചിന് ജനപ്രതികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയായ എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും കേസിൽ നിന്ന് വിടുതൽ നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.
പുതുച്ചേരിയില്‍ 2009 മുതല്‍ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന തന്റെ പേരിലുള്ള കൃഷി ഭൂമിയുണ്ടെന്നും ഹരജിയിൽ പറയുന്നു. പുതുച്ചേരി റജിസ്‌ട്രേഷനിലുള്ള രണ്ടു ഓഡി ക്യൂ7 കാറുകളും കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടില്ല. കേരളത്തിൽ രജിസ്‌ട്രേഷൻ നടത്താത്തതിനാൽ 3.60 ലക്ഷം രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്നാണ് കേസ്. വിവിധ സംസ്ഥാനങ്ങളിലായി ഓടുന്ന ഈ കാറുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തില്ലെന്ന വാദം നിലനിൽക്കില്ല. ഒരു മാസത്തിലേറെ ഉപയേഗിച്ചാൽ മാത്രമേ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി ഈടാക്കാനാവൂ. മേൽവിലാസം കേരളത്തിലായത് കൊണ്ട് ഇവിടെ നികുതി അടക്കണമെന്ന വാദം നിയമവിരുദ്ധമാണ്. വാഹനത്തിന്‍റെ ഉപയോഗമാണ് ഉടമയുടെ മേൽവിലാസമല്ല നികുതിക്ക് അടിസ്ഥാനം. അതിനാൽ, നികുതി വെട്ടിപ്പ് ആരോപണം നിലനിൽക്കില്ല. മറ്റിടങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്കുമില്ല. വഞ്ചിച്ചെന്നോ വ്യാജ രേഖ ചമച്ചുവെന്നോ വാഹനം രജിസ്റ്റർ ചെയ്തിടത്തെ അധികൃതർക്ക് പരാതിയില്ലെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക കോടതി ഉത്തരവ് നിലനിൽക്കില്ലെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.