പുതുപ്പള്ളിയില്‍ ജെയ്ക്കിനു വോട്ട് തേടി മുഖ്യമന്ത്രിയെത്തുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് വോട്ട് തേടിയാണ് ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്. 24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് പങ്കെടുക്കുക. 31നുശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രിയെത്തും. എന്നാൽ, അവസാനഘട്ട പ്രചാരണത്തിനു മാത്രമായിരിക്കും മറ്റു മന്ത്രിമാരെത്തുക. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സി.പി.എം നേതൃത്വത്തി​െൻറ തീരുമാനം.

ഇന്ന് ജെയ്ക്ക് സി. തോമസ് മത-സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.എസ് ആസ്ഥാനത്തും ഓർത്തഡോക്സ് അരമനയിലും മന്ത്രി വി.എൻ. വാസവനൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. എസ്‍.എന്‍.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജെയ്ക്ക് കണ്ടു. ഇവരെല്ലാം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവരാണെന്ന് ജെയ്ക്ക് പറഞ്ഞു.

ജെയ്ക്കും മന്ത്രി വാസവനും അരമണിക്കൂറോളം നേരം പെരുന്നയിൽ ചെവഴിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലെത്തി മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെയും കണ്ടു. യാക്കോബായ സഭാ കോട്ടയം ഭദ്രാസന മെത്രാപൊലീത്തയെയും സന്ദർശിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനെയും നേരില്‍കണ്ടു. ശനിയാഴ്ച വൈകീട്ടാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങള്‍ക്ക് എല്‍.ഡി.എഫ് തുടക്കമിട്ടിട്ടുണ്ട്. നാളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. 16ന് ജെയ്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിക്കും. 

Tags:    
News Summary - Pudupally by-election: Chief Minister arrives on August 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.