വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. എബ്രഹാം അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ഇന്നലെ കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇ.ഡി ഓഫിസിൽ തിരികെ എത്തിച്ച അദ്ദേഹത്തിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
കേസിൽ രണ്ടാമത്തെ അറസ്റ്റാണ് എബ്രാഹിമിന്‍റേത്. നേരത്തെ പ്രാദേശിക കോൺഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയിരുന്നു. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ എബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയതത്. ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പയെടുത്തവരുടെ രേഖ തരപ്പെടുത്തി പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കരുതുന്നത്.
80,000 രൂപ വായ്പയെടുത്ത കർഷകനോട് 40 ലക്ഷം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് നൽകിയതോടെ അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നു. കെ.കെ എബ്രഹാം ഉൾപ്പെടെ നാലുപേരുടെ പേരുവിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും എബ്രഹാമിനെതിരെ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.