പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ ഡയറക്ടറും കോൺഗ്രസ് പുൽപള്ളി മണ്ഡലം പ്രസിഡന്റുമായ വെള്ളിലാംതടത്തിൽ വി.എം. പൗലോസിനെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് പുൽപള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വായ്പ തട്ടിപ്പിനിരയായ പുൽപള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേൽ നേരത്തെ നൽകിയ പരാതിയിലാണ് അറസ്റ്റ്. പൗലോസിനെതിരെ സഹോദരഭാര്യ ദീപ ഷാജിയും പരാതി നൽകിയിട്ടുണ്ട്.
ഭർത്താവിന്റെ പേരിൽ 20 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഷാജി പിന്നീട് മരിച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും പൗലോസ് വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. വിജിലൻസ് കേസിലും പൗലോസ് പ്രതിയാണ്. നേരത്തെ അറസ്റ്റിലായ മുൻ ബാങ്ക് പ്രസിഡന്റ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ റിമാൻഡിലാണ്.
തട്ടിപ്പിനിരയായ കർഷകൻ പുൽപള്ളി കേളക്കവല ചെമ്പകമൂല രാജേന്ദ്രൻ നായർ മേയ് 30ന് ജീവനൊടുക്കിയിരുന്നു. തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. വായ്പ തട്ടിപ്പിൽ സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധനകൾ തുടരുകയാണ്. വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എട്ടരക്കോടി രൂപയുടെ വായ്പ തട്ടിപ്പാണ് ബാങ്കിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.