നടിയെ തട്ടിക്കൊണ്ടുപോകല്‍; പള്‍സര്‍ സുനി അമ്പലപ്പുഴയില്‍നിന്ന് മുങ്ങി

ആലപ്പുഴ: കൊച്ചിയില്‍ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന പള്‍സര്‍ സുനി എന്ന പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാര്‍ അമ്പലപ്പുഴയില്‍ തങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

പ്രത്യേക അന്വേഷണ സംഘം വലവിരിച്ചെങ്കിലും ഇയാള്‍ അതിന് തൊട്ടുമുമ്പ് സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. സുനിലിന് താവളം ഒരുക്കിക്കൊടുത്ത അമ്പലപ്പുഴ കാക്കാഴം പടിഞ്ഞാറ് സ്വദേശി അന്‍വറിനായി അന്വേഷണം ഊര്‍ജിതമാക്കി. സുനിയുടെ മറ്റൊരു സുഹൃത്ത് മനു പിടിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യംചെയ്തു വരുന്നു.  

സംഭവത്തിന് ശേഷം സുനി നേരെ ആലപ്പുഴയിലേക്കാണ് പോന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒപ്പം മറ്റൊരാള്‍കൂടിയുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സുനി അമ്പലപ്പുഴയില്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ച സ്പെഷല്‍ പൊലീസ് സ്ക്വാഡ് അമ്പലപ്പുഴയില്‍ എത്തിയെങ്കിലും സുനിയും അന്‍വറും അപ്പോഴേക്കും സ്ഥലംവിടുകയായിരുന്നു. മനുവിനെ ചോദ്യം ചെയ്തതില്‍നിന്നാണ് അന്‍വറിന്‍െറ സഹായത്താല്‍ സുനി ഒളിവില്‍ കഴിഞ്ഞതായി വിവരം ലഭിച്ചത്.

തന്‍െറ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി ഓഫ് ചെയ്തിരുന്നു. കൈവശമുണ്ടായിരുന്ന മറ്റ് സിം കാര്‍ഡുകളെക്കുറിച്ച് പരിശോധന നടത്തി പിന്തുടരാന്‍ ദ്രുതഗതിയില്‍ പൊലീസ് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. പൊലീസ് സംഘം അമ്പലപ്പുഴ തീരപ്രദേശങ്ങളില്‍ മഫ്തിയിലത്തെിയാണ് ആദ്യം അന്വേഷണം നടത്തിയത്. മനുവില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അന്‍വറിനായി തിരച്ചില്‍ നടത്തിയപ്പോഴാണ് അയാളും രക്ഷപ്പെട്ട വിവരം ലഭിച്ചത്. കുട്ടനാട്ടിലുണ്ടെന്ന് സംശയിക്കുന്ന അന്‍വറിനെ വലയിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

എറണാകുളത്തുനിന്ന് രക്ഷപ്പെടുമ്പോള്‍ സുനിയുടെ പക്കല്‍ കാര്യമായ പണമൊന്നുമില്ലാത്തതിനാല്‍ ദൂരേക്ക് പോകാന്‍ കഴിയില്ളെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലത്തേക്കോ കോട്ടയത്തേക്കോ പോകാനാണ് സാധ്യതയെന്നാണ് നിഗമനം. സുഹൃത്തുക്കളുടെ വാഹനത്തില്‍ ആലപ്പുഴയിലത്തെി പരിചയക്കാരനായ അന്‍വറിനെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പൊലീസിന്‍െറ നീക്കങ്ങള്‍ ചോര്‍ന്നതിനാലാണോ അന്‍വര്‍ രക്ഷപ്പെട്ടതെന്നും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - pulsar suni escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.