കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയും സാക്ഷി ജിൻസനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. നടൻ ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച് സംവിധായകൻ ബാലചന്ദ്രകുമാറിനെ കണ്ടതായി ഫോൺ സംഭാഷണത്തിൽ പൾസർ സുനി ജിൻസനോട് സമ്മതിക്കുന്നുണ്ട്. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും ബാലചന്ദ്രകുമാറുമായി കണ്ടിട്ടുണ്ടെന്ന് പൾസർ സുനി ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.
കേസ് പുനരന്വേഷിക്കാൻ സാധ്യതയുണ്ടോ എന്ന പൾസർ സുനിയുടെ ചോദ്യത്തിന് മാധ്യമങ്ങളിൽ അത്തരത്തിലാണ് വരുന്നതെന്ന് ജിൻസൺ പറയുന്നുണ്ട്. എല്ലാ തെളിവുകളും ഉള്ളതു പോലെയാണ് ബാലചന്ദ്രകുമാർ പറയുന്നത്. സംഭവം നടന്നതായി എല്ലാവരും വിശ്വസിക്കുമെന്നും ജിൻസൺ വ്യക്തമാക്കുന്നു.
ബാലചന്ദ്ര കുമാർ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്നും ജിൻസൺ ഫോൺ സംഭാഷണത്തിൽ പറയുന്നതായി റിപ്പോർട്ട്.
ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ബാലചന്ദ്രകുമാറിൽ നിന്ന് പ്രത്യേക അന്വേഷണസംഘം രഹസ്യമൊഴി എടുക്കാനിരിക്കെയാണ് പ്രതിയും സാക്ഷിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പൾസർ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും പല തവണ ദിലീപിനൊപ്പം സുനിയെ കണ്ടിട്ടുണ്ടെന്നും ആണ് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതുപ്രകാരം ദിലീപും കേസിലെ പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴി ശരിവെക്കുന്നതാണ് പുറത്തുവന്ന ഫോൺ സംഭാഷണം.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അപ്പു, ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികൾ.
കണ്ടാലറിയാവുന്ന വ്യക്തിയെന്നാണ് ആറാം പ്രതിയെക്കുറിച്ച് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുൻ റൂറൽ എസ്.പിയും ഇപ്പോൾ ഐ.ജിയുമായ എ.വി. ജോർജ്, എസ്.പി. സുദർശൻ, സോജൻ, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
തന്റെ ദേഹത്ത് കൈവെച്ച ക്രൈംബ്രാഞ്ച് എസ്.പി സുദർശന്റെ കൈവെട്ടണം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്തണമെന്ന രീതിയിൽ ദിലീപ് മറ്റുപ്രതികളുമായി സംഭാഷണം നടത്തിയെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ദിലീപിന്‍റെ ചില ഓഡിയോ ക്ലിപ്പുകളാണ് പുതിയ കേസിലേക്ക് വഴിവെച്ചിരിക്കുന്നത്. പ്രതികളുടെ ഗൂഢാലോചന ബാലചന്ദ്രകുമാർ നേരിട്ട് കാണാനും കേൾക്കാനും ഇടയായിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.