കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ശേഷം ഹൈകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൾസർ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രൈബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളിലൊരാളായ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് മൊഴി നൽകി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നടി കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ആദ്യമായാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
വിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നും അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിന്‍റെ അഭിഭാഷകർ കൂറുമാറാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് പറയുന്ന ദിലീപ് സാക്ഷികളെ സ്വീധീനിക്കുന്നതെന്തിന് എന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.