റാന്നി: ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ നല്‍കാത്ത പെട്രോൾ പമ്പുടമക്കെതിരെ 1.65 ലക്ഷം രൂപ പിഴയിട്ട് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. പരാതിക്കാരിക്ക് 1,50,000 രൂപ നഷ്‌ടപരിഹാരവും 15,000 രൂപ കോടതി ചെലവും ചേർത്ത് 1,65,000 രൂപ നൽകാനാണ് വിധി.
പത്തനംതിട്ട അടൂർ ഏഴകുളം ഊരകത്ത് ഇല്ലംവീട്ടിൽ അധ്യാപികയായ സി.എൽ. ജയകുമാരി നൽകിയ പരാതിയിലാണ് കോഴിക്കോട് പയ്യോളി തെനംകാലിലെ പെട്രോൾ പമ്പുടമ ഫാത്തിമ ഹന്ന പിഴ അടക്കേണ്ടത്. 2024 മേയ് എട്ടിന് ജയകുമാരി കാസർകോട്ടുനിന്ന് ഏഴംകുളത്തെ വീട്ടിലേക്ക് കാറിൽ വരവേ രാത്രി 11ന് പെട്രോൾ പമ്പിൽ കയറി ഇന്ധനം നിറച്ചശേഷം ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോയപ്പോൾ അത് അടച്ചിട്ടിരിക്കുകയായിരുന്നു.
താക്കോലുമായി മാനേജർ വീട്ടിൽ പോയെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് പയ്യോളി പൊലീസ് ഇടപെട്ട് ടോയ്‌ലറ്റ് തുറന്നുനൽകി. ഇതേതുടർന്ന് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പെട്രോൾ പമ്പിൽ ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് നിബന്ധനയുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.