കുട്ടിയെ തറയിലിരുത്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ഫീസ് അടക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സ്കൂൾ പ്രിൻസിപ്പലിന്‍റെ നടപടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡറയക്ടർ എസ്. ഷാനവാസിന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.

തിരുവനന്തപുരം ആൽത്തറയിലെ ശ്രീവിദ്യാധിരാജ സ്കൂളിലാണ് സംഭവം. വിവാദമായതോടെ പ്രിൻസിപ്പൽ ആർ. ജയരാജിനെ സസ്പെന്‍ഡ് ചെയ്തതായി സ്കൂൾ മാനേജ്മെന്‍റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സ്കൂൾ ഫീസ് അടക്കാൻ വൈകിയതിനാണ് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി ഉയർന്നത്. രക്ഷാകർത്താവ് പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, പരീക്ഷ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പൽ ജയരാജ് ഫീസ് അടക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. ‘ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത്’ എന്ന് കുട്ടി പറഞ്ഞെങ്കിലും കുട്ടിയോട് തറയിലിരുന്ന് പരീക്ഷ എഴുതാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് പരാതി.

വിവരമറിഞ്ഞ കുട്ടിയുടെ പിതാവ് വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി. കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെയാണ് പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തിയത്. കുട്ടിയുടെ പിതാവിനെ വിളിച്ച വിദ്യാധിരാജ സ്കൂൾ അഡ്മിനിസ്ട്രേറ്റർ പ്രിൻസിപ്പലാണ് തെറ്റുചെയ്തതെന്നും പ്രശ്നം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയെ സ്കൂൾ മാറ്റാമെന്ന നിലപാടിലാണ് രക്ഷിതാക്കൾ. 

Tags:    
News Summary - punishment for late fee payment: minister orders investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.