കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്‍റെ ശിക്ഷാവിധി നവംബർ 14ന്. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിക്കുക.
പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന തീയതി പ്രഖ്യാപിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നവംബർ നാലിന് കണ്ടെത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു.
ജൂലൈ 28നാണ് വീട്ടിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി പ്രതി അസഫാഖ് ആലം കൂട്ടിക്കൊണ്ടു പോകുന്നത്. തുടർന്ന് ആലുവ മാർക്കറ്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് 34-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ, മദ്യം നൽകി പീഡിപ്പിക്കൽ ഉൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. എന്നാൽ, മൂന്ന് കുറ്റങ്ങൾ ആവർത്തിച്ചിട്ടുള്ളത് കൊണ്ടാണ് 13 കുറ്റങ്ങളിൽ വിധി പറയുന്നത്.
പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊണ്ടി മുതലുകളും, സിസി ടിവി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ആകെ 99 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.