ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.പി.എം.എസ് സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് പുന്നല ശ്രീകുമാർ

തിരുവനന്തപുരം : 18-ാം ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രസ്താവനയിൽ അറിയിച്ചു. കോട്ടയം ഇന്ദ്രപ്രസ്‌ഥം ആഡിറ്റോറിയത്തിൽ ചേർന്ന കെ.പി.എം.എസ് സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഒരു മുന്നണിയേയും പ്രത്യക്ഷമായി ചിൻതുണക്കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.

പൗരൻമാർക്ക് സ്വാതന്ത്ര്യവും, നീതിയും, തുല്യതയും വിഭാവന ചെയ്യുന്ന ഇന്ത്യൻ ഭരണഘടന മുമ്പെങ്ങുമില്ലാത്തവിധം ഭീക്ഷണി നേരിടുന്നു. രാജ്യത്തെ അതിദരിദ്രരിൽ ഏറെയും ഉള്ളത് ദളിതരോ ആദിവാസികളോ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരോ ആണ്. വിവേചനമില്ലാതെ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നീതിയും ലഭ്യമാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.

ഭരണഘടനയുടെ അടിസ്‌ഥാനതത്വങ്ങളെ അട്ടിമറിച്ച സവർണ സാമ്പത്തിക സംവരണം യാതൊരുവിധ പഠനവും വിവരങ്ങളുമില്ലാതെ അത്യുൽസാഹത്തോടെ നടപ്പിലാക്കിയ സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. ഇതിലൂടെ ഉണ്ടാകാനിടയുള്ള അസന്തുലിതാവസ്‌ഥക്കും സമൂഹങ്ങൾ തമ്മിലുള്ള വിള്ളലുകൾക്കും പരിഹാരം തേടുന്നതിൽ അധികാരത്തിലുള്ള സർക്കാരുകൾക്ക് താൽപ്പര്യമില്ലാത്ത അവസ്‌ഥയാണുള്ളത്.

സ്വാതന്ത്യ്രത്തിൻറെ ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ വ്യത്യസ്‌തങ്ങളായ ജനവിഭാഗങ്ങളുടെ സാമൂഹ്യ അവസ്‌ഥയേയും അധികാരഘടനയിലെ അവരുടെ പങ്കാളിത്തത്തേയും പൊതുവിഭവങ്ങളിൻമേലുള്ള അവകാശത്തെയും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. അധികാര വിഭവ പങ്കാളിത്തത്തിൻറെ ശരിയായ ചിത്രം പുറത്തുകൊണ്ടുവരാൻ സമഗ്രമായ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് അനിവാര്യമാണ്. എന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നിട്ടും സാമൂഹിക നീതിക്കായുള്ള ഈ അനിവാര്യതയെ അവഗണിക്കാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

കേന്ദ്ര സർക്കാർ ജാതിസെൻസസിനെ അനുകൂലിക്കുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സംസ്‌ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നടപ്പിലാക്കുന്നതിന് അധികാരമുണ്ടായിട്ടും കേന്ദ്രത്തിൻറെ ചുമതലയാണെന്ന നിലപാടുയർത്തി സംസ്‌ഥാന സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയാണുണ്ടായത്. അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള പ്രതിപക്ഷവും അതിൻറെ നേത്യസ്‌ഥാനത്തുള്ള കോൺഗ്രസും സംസ്‌ഥാനത്ത് ഇക്കാര്യത്തിൽ വ്യക്തതയുള്ള നിലപാട് സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു മുന്നണിയേയും പ്രത്യക്ഷമായി ചിൻതുണക്കേണ്ടതില്ലെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സംഘടനയിലെ അംഗങ്ങൾ സാമൂഹിക നീതി സങ്കൽപ്പത്തെ ഉയർത്തിപ്പിടിച്ച് ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കണെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അറിയിച്ചു.

Tags:    
News Summary - Punnala Sreekumar that KPMS will take an independent stand in the Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.