ആലപ്പുഴ: ജന്മിത്വവാഴ്ചക്കെതിരെ തൊഴിലാളികൾ നയിച്ച ഐതിഹാസികമായ പുന്നപ്ര- വയലാർ സമരസ്മരണകൾക്ക് എഴുപത്തഞ്ചാണ്ട്. കൊല്ലവർഷം 1122 തുലാം ഏഴിന് (1946 ഒക്ടോബർ 23) പുന്നപ്രയിൽ തുടങ്ങി തുലാം ഒമ്പതിന് മാരാരിക്കുളത്തും മേനാശേരിയിലും ഒളതലയിലും പത്തിന് വയലാറിലുമായിരുന്നു സമരം.
സായുധ സേനാംഗങ്ങളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം പ്രാപിച്ച നൂറുകണക്കിന് രക്തസാക്ഷികളുടെ ഓർമകൾ ഇരമ്പുന്നു ഇപ്പോഴും ഈ വിപ്ലവഗ്രാമങ്ങളിൽ. അടരാടിയ നൂറുകണക്കിന് പേർ ജീവൻ വെടിഞ്ഞ 'സായുധ വിപ്ലവ'ത്തിന് നാന്ദിയായത് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തൊഴിലാളി സമരമാണ്. തൊഴിലും കൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊപ്പം നാടിെൻറ സ്വാതന്ത്ര്യവും ജനാധിപത്യവും സംബന്ധിച്ച മുദ്രാവാക്യവും സമരഭൂമിയിൽ ഉയർന്നിരുന്നതായി വി.എസ്. അച്യുതാനന്ദൻ എഴുതിയിട്ടുണ്ട്. ദിവാന് മേൽകൈ കിട്ടുന്ന 'അമേരിക്കൻ മോഡൽ' ഭരണസമ്പ്രദായം അംഗീകരിക്കണമെന്ന ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നിർദേശം തൊഴിലാളി വർഗം തള്ളിയതോടെ സംജാതമായ കലുഷിത അന്തരീക്ഷത്തിലാണ് തൊഴിലാളികളിൽ സമരവീര്യം ഉണർന്നത്.
സംഘടിതരായ കയർഫാക്ടറി തൊഴിലാളികളും കർഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് നടത്തിയ സമരത്തിന് കമ്യൂണിസ്റ്റ് പാർട്ടികളും തൊഴിലാളി സംഘടനകളും നേതൃത്വം നൽകി. ആലപ്പുഴ പട്ടണത്തിന് തെക്ക് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പുന്നപ്രയും ചേർത്തല വടക്ക് തൊഴിലാളികൾ താമസിക്കുന്ന വയലാറുമായിരുന്നു സമരത്തിെൻറ മുഖ്യകേന്ദ്രങ്ങൾ.അക്കാലത്ത് അധ്വാനത്തിെൻറ ഏറിയ പങ്കും ജന്മിമാരും മുതലാളിമാരും കൈക്കലാക്കുന്നതായിരുന്നു രീതി. ഇതടക്കം കാലങ്ങളായി തൊഴിലാളികളിൽ പുകഞ്ഞ അതൃപ്തിക്ക് കമ്യൂണിസ്റ്റുകൾ ഉയർത്തിയ വികാരത്തിൽ സമരരൂപം പ്രാപിച്ചു.
75 വർഷമെത്തിയ പുന്നപ്ര- വയലാർ വിപ്ലവത്തിെൻറ രണസ്മരണകളുയർത്തി കഴിഞ്ഞദിവസം വാരാചരണത്തിന് പുന്നപ്രയിൽ കൊടിയുയർന്നു. ശനിയാഴ്ചയാണ് പുന്നപ്രയിൽ രക്തസാക്ഷി സ്മരണ പുതുക്കൽ. വിവിധ സമരകേന്ദ്രങ്ങൾ പിന്നിട്ട് 27ന് വയലാറിൽ സമാപിക്കും.
മുന്നിൽനിന്നത് കുന്തക്കാരൻ പത്രോസ്
ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങി 27 മുദ്രാവാക്യങ്ങൾ ഉയർത്തി 1122 ചിങ്ങം 30ന് ആരംഭിച്ച തൊഴിലാളി സമരത്തിന് സഖാവ് കെ.വി. പത്രോസിെൻറ (കുന്തക്കാരൻ പത്രോസ്) നേതൃത്വത്തിൽ 17,000ത്തോളം യോദ്ധാക്കളാണ് 'സായുധ'രായത്. എന്നാൽ, തുലാം പത്തോടെ ഈ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊന്നു. കൊല്ലവർഷം 1122 തുലാം ഏഴ് മുതൽ 10 വരെയാണ് (1946 ഒക്ടോ. 24-27) അന്തിമ പോരാട്ടം നടന്നത്.
ഈ പോരാട്ടത്തിൽ കുഴിച്ചുമൂടപ്പെട്ടവർ ആരൊക്കെ എന്നതിന് ഇന്നും വ്യക്തതയില്ല. രാജ്യത്തൊട്ടാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിൽ ഈ ചോര വലിയ പങ്കുവഹിച്ചു. ആലപ്പുഴയിൽനിന്ന് പുന്നപ്രയിലേക്ക് നീങ്ങിയ ജാഥയെ പുന്നപ്രയിൽ തമ്പടിച്ച സായുധ പൊലീസ് നേരിടുകയായിരുന്നു. ജാഥക്കാർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ക്യാമ്പ് കൈയേറുന്നതിലാണ് ഇത് കലാശിച്ചത്. പ്രവർത്തകരിൽ 200ലേറെ പേരും ഇൻസ്പെക്ടറടക്കം ഒട്ടേറെ പൊലീസുകാരും കൊല്ലപ്പെട്ടു. ഇതിെൻറ തുടർച്ചയായി പുന്നപ്രയിൽ പൊലീസും പട്ടാളവും ഭീകരമർദനം അഴിച്ചുവിട്ടു.
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നൂറുകണക്കിന് തൊഴിലാളികൾ വയലാറിൽ ക്യാമ്പ് ചെയ്തിരുന്നു. 27ന് ഉച്ചയോടെ പട്ടാളം കരയിലും കായലിലും നിന്ന് ഈ ക്യാമ്പിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തി. യന്ത്രത്തോക്കുകളിൽനിന്ന് തീ തുപ്പിയപ്പോൾ സമരഭടന്മാർ ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളുമായി പട്ടാളത്തെ നേരിട്ടു. നൂറുകണക്കിന് പേർ പൊരുതി മരിച്ചു. മൂന്നരമണിക്കൂർ നേരത്തെ ഉഗ്രപോരാട്ടത്തിനുശേഷമേ സമരക്കാർ പട്ടാളത്തിന് മുന്നിൽ കീഴടങ്ങിയുള്ളൂ.
വയലാർ രക്തസാക്ഷി ദിനാചരണത്തിന് തുടക്കം
ചേർത്തല: വയലാർ രക്തസാക്ഷി വാർഷികാചരണത്തിന് തുടക്കംകുറിച്ച് രക്തസാക്ഷി മണ്ഡപത്തിൽ രക്തപതാകയേറി. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡൻറ് എൻ.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.
എ.എം. ആരിഫ് എം.പി, സി.പി.എം ജില്ല എക്സിക്യൂട്ടിവ് അംഗം മനു സി. പുളിക്കൽ, സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർഥൻ, അരൂർ മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാർ എന്നിവർ സംബന്ധിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിൽനിന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജാഥ ക്യാപ്റ്റനുമായ അഡ്വ. എം.കെ. ഉത്തമൻ പതാക ഏറ്റുവാങ്ങി.
സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പതാക ഉയർത്തി. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ് എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി പി.കെ. സാബു സ്വാഗതം പറഞ്ഞു. ദലീമ ജോജോ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ. പ്രസാദ്, നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, കെ. രാജപ്പൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
ചരിത്രമുറങ്ങുന്ന ചേർത്തല ടി.ബിക്ക് നൂറുവയസ്സ്; വയലാര്‍ വെടിവെപ്പിന് പട്ടാളം പുറപ്പെട്ടത് ടി.ബിയിൽനിന്നാണ്
ചേര്‍ത്തല: അനവധി ചരിത്രങ്ങൾ ഉടലെടുത്ത ചേർത്തല ടി.ബിയുടെ കഥകള്‍ അറിയുന്ന ബംഗ്ലാവിന് നൂറുവയസ്സ്. തിരുവിതാംകൂറിെൻറ ചരിത്രരേഖകള്‍ പ്രകാരം 1921 ഒക്ടോബര്‍ 17നാണ് ടൂറിസ്റ്റ് ബംഗ്ലാവ് തുറന്നത്. യാത്രക്കാര്‍ക്കായുള്ള ബംഗ്ലാവുകള്‍ തിരുവിതാംകൂര്‍ മരാമത്ത് രേഖകളില്‍ മുസാവരി ബംഗ്ലാവുകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില കൂട്ടിച്ചേര്‍ക്കലുകളും അറ്റകുറ്റപ്പണികളും നടത്തിയതൊഴിച്ചാല്‍ ബംഗ്ലാവ് ഇന്നും പഴയപടിതന്നെ.
നിര്‍മാണ പൂര്‍ത്തീകരണത്തിനുശേഷം ആലുവ എക്സിക്യൂട്ടിവ് എൻജിനീയര്‍ എം.പി. മാണിയുടെ ഉത്തരവ് പ്രകാരമാണ് ബംഗ്ലാവ് തുറന്നതെന്ന് ചരിത്രാന്വേഷകനായ ടി. ഷാദാസ് പറഞ്ഞു. വേമ്പനാട്ടുകായലിെൻറ കൈവഴിയായ കുറിയമുട്ടം കായലിെൻറയും ഇഴചേര്‍ന്നു കിടക്കുന്ന കനാലിെൻറയും തീരത്താണ് ബംഗ്ലാവ്. കായല്‍കാറ്റും കായല്‍കാഴ്ചകളും മനംനിറക്കുന്ന പ്രകൃതിയുടെ ഇടമാണ് ബംഗ്ലാവിനായി തെരഞ്ഞെടുത്തത്. തിരുവിതാംകൂറില്‍ ശ്രീമൂലംതിരുനാൾ രാമവര്‍മയുടെ കാലത്താണ് ബംഗ്ലാവിെൻറ നിര്‍മാണം.
ഏഴര പതിറ്റാണ്ടുമുമ്പ് വയലാർ വെടിവെപ്പിന് പട്ടാളം പുറപ്പെട്ടത് ടി.ബിയുടെ വരാന്തകളിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ടായിരുന്നത്രേ. ടി.ബിയില്‍നിന്ന് കായലിനപ്പുറം വിളിപ്പാടകലെയാണ് വയലാറും വെടിയുണ്ടകള്‍ ചുവപ്പിച്ച വെടിക്കുന്നും. അതിനുശേഷവും ടി.ബിയുടെ അടച്ചിട്ട മുറികളില്‍ കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ പല തീരുമാനങ്ങളും പിറന്നു. അതികായരെത്തി പല ചര്‍ച്ചകളും തീരുമാനങ്ങളുമെടുത്തു.
ഇതിനൊപ്പം മലയാളവും തമിഴും തെലുങ്കുമടക്കം നിരവധി സിനിമകളുടെ ചിത്രീകരണത്തിനുള്ള ഇടവുമായിട്ടുണ്ടിവിടം. ടി.ബിയും കനാലും കായലുമെല്ലാം ഒരുകാലത്ത് സിനിമക്കാരുടെയും ഇഷ്ട ഇടമാക്കിയിരുന്നു. സിനിമ സംവിധായകൻ കുഞ്ചാക്കോയുടെ നിരവധി സിനിമകൾ ചിത്രീകരിച്ച ഇടമാണ് ടി.ബി. തുടർന്ന് മറ്റ് സംവിധായകരും ഇവിടെ ചേക്കേറി. ഫാസിലും ശശികുമാറും സിബി മലയിലും കൂടാതെ തമിഴ്-തെലുങ്ക് സിനിമക്കാർവരെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.